30.4 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • ഭർത്താവിന്റെ സ്വത്തിനായി ക്രൂരത, മൃതദേഹവുമായി 29കാരി സഞ്ചരിച്ചത് 800 കിലോമീറ്റർ, 3 പേർ അറസ്റ്റിൽ
Uncategorized

ഭർത്താവിന്റെ സ്വത്തിനായി ക്രൂരത, മൃതദേഹവുമായി 29കാരി സഞ്ചരിച്ചത് 800 കിലോമീറ്റർ, 3 പേർ അറസ്റ്റിൽ


കൂർഗ്: കർണാടകയിലെ കൊടഗിൽ കത്തിക്കരിഞ്ഞ നിലയിൽ ബിസിനസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ടാം ഭാര്യ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. 54കാരനും ഹൈദരബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായിയുമായ രമേഷിന്റെ മൃതദേഹം ഒക്ടോബർ 8നാണ് പൊലീസ് കൊടഗിലെ കാപ്പി എസ്റ്റേറ്റിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ രമേഷിന്റെ രണ്ടാം ഭാര്യയായ പി നിഹാരിക(29), ഇവരുടെ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ മൃഗ ഡോക്ടർ നിഖിൽ, ഹരിയാന സ്വദേശിയായ അങ്കുർ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷിന്റെ എട്ട് കോടിയിലധികം വരുന്ന സ്വത്ത് തട്ടിയെടുക്കാനായിരുന്നു രണ്ടാം ഭാര്യയുടെ ക്രൂരതയെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കാപ്പിത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം തോട്ടം തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം കത്തിച്ചതെന്ന് വ്യക്തമായത്. മേഖലയിലും പരിസരത്തും നിന്നുമുള്ള 500ലേറെ സിസിടിവി ദൃശ്യങ്ങളിൽ വാഹനങ്ങളേയും ആളുകളേയും വിലയിരുത്തിയും സെൽഫോൺ റെക്കോർഡുകളും നിരീക്ഷിച്ചുമാണ് കൊല്ലപ്പെട്ടയാളെ പൊലീസ് കണ്ടെത്തിയത്.

സമീപ ജില്ലകളിൽ നിന്ന് കാണാതായ ആളുകളുടെ വിവരം ശേഖരിച്ചതിൽ നിന്ന് ഹൈദരബാദ് അടിസ്ഥാനമായുള്ള വ്യവസായിയായ രമേഷ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. രമേഷുമായി ബന്ധപ്പെട്ട ആളുകളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനിടെയാണ് പൊലീസിന് രണ്ടാം ഭാര്യയെ സംശയം തോന്നുന്നത്. അടുത്തിടെ രമേഷ് സ്വന്തമാക്കിയ എട്ട് കോടിയിലേറെ വില വരുന്ന വസ്തുവക സ്വന്തമാക്കാനായി നിഹാരികയാണ് ഭർത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതായാണ് പൊലീസ് വിശദമാക്കുന്നത്. ഒക്ടോബർ 3ന് ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം ഇവർ ഹൈദരബാദിലേക്ക് കാറിൽ പോയി.

ഉപ്പാലിന് സമീപത്ത് വച്ച് രമേഷിനെ കൊലപ്പെടുത്തിയ സംഘം മൃതദേഹം ബെംഗളൂരുവിലെ ഹൊരമാവിൽ എത്തിച്ച ശേഷം സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്തുള്ള കാപ്പി തോട്ടത്തിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 29കാരിയായ നിഹാരിക തെലങ്കാനയിലെ മൊംഗീർ നഗർ സ്വദേശിയാണ്. ഇവർക്ക് 16 വയസ് പ്രായമുള്ളപ്പോൾ പിതാവ് മരിച്ചു. അമ്മ രണ്ടാം വിവാഹം ചെയ്യുകയും നിഹാരികയെ ചെറുപ്രായത്തിൽ വിവാഹം ചെയ്ത് നൽകുകയും ആയിരുന്നു. എന്നാൽ കുടുംബ പ്രശ്നങ്ങളേ തുടർന്ന് നിഹാരിക വിവാഹ മോചനം നേടി. പിന്നീട് എൻജിനിയറിംഗ് പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ നിഹാരിക വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്നു. എന്നാൽ ഹരിയാനയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ ഒരു സാമ്പത്തിക തട്ടിപ്പിൽ ഇവർ പ്രതിയായി.

കേസിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഇവർ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെത്തുകയായിരുന്നു. 2018ലാണ് രമേഷ് നിഹാരികയെ വിവാഹം ചെയ്യുന്നത്. യുവതിയുടെ ആഡംബര ജീവിതത്തിന് രമേഷ് പിന്തുണച്ചിരുന്നുവെങ്കിലും ഇവർ തമ്മിൽ തർക്കം പതിവായിരുന്നു. അടുത്തിടെ വാങ്ങിയ എട്ട് കോടിയിലധികം മൂല്യമുള്ള വസ്തുവക യുവതി തന്റെ പേരിൽ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമേഷ് നിഷേധിച്ചതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തണമെന്ന് ഇവർ പദ്ധതിയിട്ടത്. തന്ത്രപരമായി സുഹൃത്തുക്കളൊപ്പം രമേഷിനെ കൊലപ്പെടുത്തിയ ശേഷം തിരികെ നാട്ടിലെത്തിയ യുവതി ഭർത്താവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Related posts

സംസ്ഥാനത്ത് വ്യാപകമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor

കേസ് പിൻവലിക്കാൻ സമ്മർദം; യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

Aswathi Kottiyoor

കർഷക പ്രതിഷേധത്തിനിടെ കരിമ്പിന്റെ ന്യായവില ഉയർത്തി കേന്ദ്ര സർക്കാർ

Aswathi Kottiyoor
WordPress Image Lightbox