27.6 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • ജോജു ജോർജിന്‍റെ സംവിധാന അരങ്ങേറ്റം; ‘പണി’ക്ക് യു/എ സർട്ടിഫിക്കറ്റ്
Uncategorized

ജോജു ജോർജിന്‍റെ സംവിധാന അരങ്ങേറ്റം; ‘പണി’ക്ക് യു/എ സർട്ടിഫിക്കറ്റ്


ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പണി എന്ന സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ്. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‍ലര്‍ നൽകിയിരിക്കുന്ന സൂചന. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 24 നാണ് തിയേറ്ററുകളില്‍ എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. ‘ജോസഫി’ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് ‘നായാട്ടി’ലൂടേയും ‘ഇരട്ട’യിലൂടെയുമൊക്കെ തെളിയിച്ചു. ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേർന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് ‘പണി’യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്.

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പബ്ലിസിറ്റി മെറ്റീരിയലുകളൊക്കെയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്. താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‍സി, ജിന്‍റോ ജോർജ്, എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

Related posts

വര്‍ക് ഷോപ്പ് ജീവനക്കാരനായ യുവാവ് ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോ​ഗം തടയാൻ നടപടി; സർക്കുലറുമായി എക്സൈസ് കമ്മീഷണർ

Aswathi Kottiyoor

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് വാഹനാപകടം; അഭിഭാഷികയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox