23 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • നവീന്‍റെ മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രിയും എംഎൽഎയും, അവസാന നോക്കിനായി ജനസാഗരം; കണ്ണീരോടെ യാത്രയപ്പ്
Uncategorized

നവീന്‍റെ മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രിയും എംഎൽഎയും, അവസാന നോക്കിനായി ജനസാഗരം; കണ്ണീരോടെ യാത്രയപ്പ്


പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ സംസ്കാര ചടങ്ങിൽ വികാര നിർഭരമായ കാഴ്ച്ചകൾ. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരായ വീണ ജോർജും കെ രാജനും നവീൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. രാവിലെ മുതൽ കെ രാജൻ വീട്ടിലുണ്ടായിരുന്നു. നാലു മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ നവീൻ ബാബുവിനെ ചിതയിലേക്കെടുത്തത് മന്ത്രി അടക്കമുള്ളവരാണ്. മൃതദേഹത്തിൻ്റെ ഓരോ അറ്റത്തും മന്ത്രി രാജനും ജെനീഷ് കുമാർ എംഎൽഎയും മറ്റു ജനപ്രതിനിധികളും പിടിച്ചിരുന്നു. നേരത്തെ, സഹോദരൻ്റെ മക്കൾ സംസ്കാര ചടങ്ങുകൾ ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകൾ ചെയ്യാൻ തയ്യാറാണെന്ന് പെൺമക്കൾ അറിയിക്കുകയായിരുന്നു.

വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലേക്കും എത്തിയിരുന്നു.

അതേസമയം, എഡിഎമ്മിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിൻ്റെ അനുമതിയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി. കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന് മരിക്കുന്നതിന് മുൻപ് ഡിഎംഒ പെട്രോൾ പമ്പിന് അനുമതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളടക്കം നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബന്ധപ്പെട്ടിരുന്നു. ഈ പരാതി പെട്രോളിയം മന്ത്രാലയത്തിന് കൈമാറുകയും ബിപിസിഎല്ലിനോട് വിശദീകരണം തേടുകയായിരുന്നു.

കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടാണ് വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എൻഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയിൽ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ എഡിഎം അഴിമതിക്കാരനല്ലെന്നും കറകളഞ്ഞ ഉദ്യോഗസ്ഥനാണെന്നും സിപിഎം നേതാക്കളും മന്ത്രിമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഒന്നിന് പുറകെ ഒന്നായി സാക്ഷ്യപ്പെടുത്തുകയായിരുന്നു. നവീൻ ബാബുവിനൊപ്പം ജോലി ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥർ വരെ സങ്കടം സഹിക്കാതെ പൊട്ടിക്കരയുന്ന നിലയുണ്ടായി. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

Related posts

ഗോവയിൽ നിന്ന് ജലമാർഗം ഡ്രഡ്ജറെത്തിക്കാൻ തീരുമാനം, 50 ലക്ഷം ചിലവാകും, പ്രതിദിന വാടക 4 ലക്ഷം; തിങ്കളാഴ്ച എത്തും

Aswathi Kottiyoor

‘മാസപ്പടി’യില്‍ പുതിയ ആവശ്യവുമായി കുഴല്‍നാടന്‍; ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി

Aswathi Kottiyoor

പേര് അഭിജിത്, തിരുവനന്തപുരം സ്വദേശി, നമ്പർ പ്ലേറ്റില്ല, ബൈക്കിൽ കെഎസ്ആർടിസിക്ക് മുന്നിൽ പോലും അഭ്യാസം, പിടിയിൽ

WordPress Image Lightbox