20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘എല്ലാവരും ഓഫീസിലേക്ക് തിരിച്ചു പോരേ’; വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ആമസോണ്‍
Uncategorized

‘എല്ലാവരും ഓഫീസിലേക്ക് തിരിച്ചു പോരേ’; വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ആമസോണ്‍

വാഷിംഗ്‌ടണ്‍: ടെക് ഭീമന്‍മാരായ ആമസോണ്‍ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം അവസാനിപ്പിക്കുന്നു. 2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണം എന്ന് കാണിച്ച് സിഇഒ ആന്‍ഡി ജാസ്സി തൊഴിലാളികള്‍ക്ക് സുദീര്‍ഘമായ കത്തെഴുതി.

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പ്രാബല്യത്തില്‍ വന്ന വര്‍ക്ക് ഫ്രം ഹോം ജോലി രീതിക്ക് ആമസോണ്‍ വിരാമമിടുകയാണ്. ‘കൊവിഡിന് മുമ്പ് എങ്ങനെയായിരുന്നോ ആ രീതിയിലുള്ള ജോലിയിലേക്ക് മടങ്ങാന്‍ നമ്മള്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പരിശോധിച്ചാല്‍ ഓഫീസില്‍ ഒന്നിച്ചുണ്ടാകുന്നതിന്‍റെ ഗുണം വളരെ പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നു. കഴിഞ്ഞ 15 മാസക്കാലം ആഴ‌്‌ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എല്ലാവരും വന്നതിന്‍റെ മെച്ചമുണ്ട്. ഓഫീസില്‍ എല്ലാവരുമുണ്ടാകുന്നത് കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും മികച്ച രീതിയില്‍ തൊഴിലെടുക്കാനും ജോലി സംസ്കാരം വളര്‍ത്താനും ആളുകള്‍ തമ്മില്‍ മെച്ചപ്പെട്ട ബന്ധം സൃഷ്ടിക്കാനും സഹായിക്കും. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ 2025 ജനുവരി 2 മുതല്‍ എല്ലാ ജീവനക്കാരും ആഴ്‌ചയിലെ അഞ്ച് ദിനം ഓഫീസിലുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു’- ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ലോകത്തെ മറ്റനേകം കമ്പനികളെ പോലെ ആമസോണും കൊവിഡ് മഹാമാരിയോടെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയായിരുന്നു. നാല് വര്‍ഷക്കാലം ഈ വര്‍ക്ക് ഫ്രം ഹോം സംവിധാനം നീണ്ടുനിന്നു. ഇതിന് ശേഷം ആഴ്‌ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്തി ജോലി ചെയ്യുകയും ബാക്കി ദിനങ്ങളില്‍ വീട്ടിലിരുന്ന് പണിയെടുക്കുകയും ചെയ്യുന്ന ഹൈബ്രിഡ് സംവിധാനം കമ്പനി അനുവദിച്ചു. അടുത്ത വര്‍ഷത്തോടെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുകയാണെങ്കിലും സിഇഒയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന എസ്-ലീഡറുടെ അനുമതിയുണ്ടെങ്കില്‍ രോഗാവസ്ഥ അടക്കമുള്ള അടിയന്തര ഘട്ടങ്ങളില്‍ വര്‍ക്ക്ഫ്രം ഹോം ആമസോണ്‍ ജീവനക്കാര്‍ക്ക് ലഭിക്കും.

‘മഹാമാരിക്ക് മുമ്പ് എല്ലാവരും ആഴ്ചയില്‍ അ‍ഞ്ച് ദിവസവും ഓഫീസില്‍ വന്നിരുന്നില്ല. ജീവനക്കാരോ അവരുടെ കുട്ടികളോ അസുഖബാധിതരായിരുന്ന ഘട്ടത്തില്‍, വീട്ടില്‍ എന്തെങ്കിലും അടിയന്തര സാഹചര്യം വന്നാല്‍, കസ്റ്റമര്‍മാരെ കാണാന്‍ പോയതായിരുന്നുവെങ്കില്‍, വളരെ സ്വതന്ത്രമായ അന്തരീക്ഷത്തില്‍ ഒന്നുരണ്ട് ദിവസം കോഡ് ചെയ്യണമെങ്കില്‍ ഒക്കെ ആളുകള്‍ റിമോട്ടായി ജോലി ചെയ്‌തിരുന്നു. ഈ സാഹചര്യങ്ങള്‍ നമുക്ക് മനസിലാക്കാവുന്നതാണ്. അത്തരം അടിയന്തര സാഹചര്യങ്ങളിലെ വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ തുടരും’ എന്നും ആന്‍ഡി ജാസ്സിയുടെ കത്തില്‍ വിശദീകരിക്കുന്നു.

Related posts

പുലരി ബസ് ജീവനക്കാർക്ക് ഓണക്കോടി കൈമാറി യാത്രക്കാരുടെ കൂട്ടായ്മ

Aswathi Kottiyoor

ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്നും ചോദ്യംചെയ്യൽ, പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം

Aswathi Kottiyoor

തൊഴിൽ തർക്കം പരിഹരിച്ചു; എൽസ്റ്റൺ എസ്റ്റേറ്റ് മാർച്ച് ഒന്നിന് തുറക്കും

Aswathi Kottiyoor
WordPress Image Lightbox