2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ വി.കെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. എന്നാൽ സത്യം തെളിയുമെന്നും കോടതിയുടെ മുന്നിലുള്ള കേസിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മൊഴി നൽകിയ ശേഷം വി.കെ പ്രകാശ് പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമെന്നും ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ താത്പര്യമില്ലെന്ന് വ്യക്തമാക്കി രാത്രി തന്നെ കൊച്ചിക്ക് മടങ്ങിയെന്ന് യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ മറ്റാരോടും പറയരുതെന്ന് സംവിധായകൻ നിരന്തരമായി ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. പിന്നീട് ക്ഷമാപണം നടത്തിയ സംവിധായകൻ ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടിൽ നിന്ന് 10,000 രൂപ തനിക്ക് ഫോൺ വഴി അയച്ചു തന്നുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വി.കെ പ്രകാശ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തന്റെ സുഹൃത്തായ നിർമ്മാതാവിനെ മുമ്പ് പരാതിക്കാരി ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നുവെന്നും വി.കെ പ്രകാശ് ആരോപിച്ചു. പണം തട്ടാൻ വേണ്ടിയാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് വി കെ പ്രകാശ് പറയുന്നത്. ഒരു സിനിമയുടെ കഥയുമായി യുവതി തന്നെ സമീപിച്ചിരുന്നു. കഥ സിനിമയ്ക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് മടക്കിയപ്പോൾ തിരികെ പോകാനാണ് തന്റെ ഡ്രൈവർ മുഖേന 10,000 രൂപ നൽകിയതെന്നാണ് വി.കെ പ്രകാശിന്റെ വാദം.