റിയാദിൽനിന്ന് 130 കിലോമീറ്ററകലെ താദിഖ് എന്ന പട്ടണത്തിൽ പിതാവ് ഷാജഹാൻ അംഗമമായ യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ്ബും പ്രാദേശിക സൗദി ക്ലബ്ബും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് റിയാദ് നാദി ക്ലബിലെ പരിശീലകനായ അബ്ദുല്ല സാലെഹ് എന്ന സൗദി പൗരൻ മുഹമ്മദ് റാസിന്‍റെ പ്രകടനം ശ്രദ്ധിക്കുന്നത്. നല്ല ഭാവിയുണ്ടെന്നും അൽ നസ്റിലെ സെലക്ഷനിൽ പങ്കെടുക്കണമെന്നും അദ്ദേഹം അവരെ നിർബന്ധിക്കുകയും തെൻറ റഫറൻസിൽ അങ്ങോട്ട് പറഞ്ഞുവിടുകയുമായിരുന്നു.
റിയാദ് ബദീഅയിലെ അൽ നസ്ർ ക്ലബ് ആസ്ഥാനത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ആഗ. 26) നടന്ന സെലക്ഷനിൽ പങ്കെടുത്തു. തുടർച്ചയായി മൂന്ന് ദിവസത്തെ സെലക്ഷൻ പ്രക്രിയയായിരുന്നു. തന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ളവരോടൊപ്പമാണ് അവൻ മത്സരിച്ചത്. പക്ഷേ അവരെക്കാൾ മുമ്പേ മുഹമ്മദ് റാസിൻ സെലക്ട് ചെയ്യപ്പെട്ടു. വ്യാഴാഴ്ച മുതൽ പരിശീലനം ആരംഭിക്കുകയും ചെയ്തു. ആഴ്ചയിൽ അഞ്ച് ദിവസമാണ് പരിശീലനം. ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകീട്ട് 6.30 വരെ. റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും പരിശീലനത്തിന് ഒപ്പമുണ്ട് എന്നതാണ് ത്രില്ലടിപ്പിക്കുന്ന മറ്റൊരു വിശേഷം.