24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഡേറ്റിങ് ആപ്പിൽ മാച്ച് കിട്ടുന്നവരെ കുടുക്കാൻ കെണി; ബില്ല് കണ്ട് കണ്ണുതള്ളിയവർ നിരവധി, പുറത്തുപറയാൻ നാണക്കേടും
Uncategorized

ഡേറ്റിങ് ആപ്പിൽ മാച്ച് കിട്ടുന്നവരെ കുടുക്കാൻ കെണി; ബില്ല് കണ്ട് കണ്ണുതള്ളിയവർ നിരവധി, പുറത്തുപറയാൻ നാണക്കേടും


ന്യൂഡൽഹി: ഡേറ്റിങ് ആപ്പുകൾ സമൂഹത്തിൽ വലിയ സ്വീകര്യത നേടിയിട്ട് അധിക കാലമായില്ല. ഇവയുടെ ജനപ്രിയതയോടൊപ്പം ഇത്തരം ആപ്പുകൾ കേന്ദ്രീകരിച്ചുള്ള പലതരം തട്ടിപ്പുകളും തലപൊക്കി. കീശയിലെ കാശ് കാലിയാക്കുന്ന പുതിയ ട്രെൻഡ് ആസൂത്രിതവും സംഘടിതവുമായി ഇത്തരം ആപ്പുകളിലൂടെ നടക്കുന്നതായി സോഷ്യൽ മീഡിയ പറയുന്നു. പണം പോയവർ നിരവധിയാണെങ്കിലും പരാതിപ്പെടാൻ മടിയ്ക്കുമെന്നത് തട്ടിപ്പുകൾക്ക് വളം വെയ്ക്കുകയും ചെയ്യുന്നു

ടിൻഡർ, ബംബ്ൾ, ഹിൻജ് പോലുള്ള ആപ്പുകളിൽ നിന്ന് പുറത്തേക്ക് എത്തുന്ന സൗഹൃദ കൂടിക്കാഴ്ചകളുടെ മറവിൽ വലിയൊരു തട്ടിപ്പ് നടന്നുവരുന്നു എന്നാണ് പലരുടെയും അനുഭവങ്ങൾ പറയുന്നത്. ആപ്പുകളിൽ നിന്ന് യോജിച്ച ആളുകളെ കണ്ടെത്തി ഡേറ്റിങിന് ഇറങ്ങുന്നവ‍രെയാണ് ലക്ഷ്യമിടുന്നത്. ആപ്പുകളിൽ ‘മാച്ച്’ ആയി ലഭിക്കുന്നവ‍ർ ഡേറ്റിങിനായി വലിയ റസ്റ്റോറന്റുകളിലും കഫേകളിലും കൊണ്ടുപോകുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി. മുൻകൂട്ടി നിശ്ചയിച്ചുവെച്ച കഫേകളിലോ റസ്റ്റോറന്റുകളിലോ തന്നെ ആയിരിക്കും ഇങ്ങനെ ചെല്ലുന്നത്. അവിടുത്തെ ജീവനക്കാരുടെ കൂടി സഹായത്തോടെയാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കപ്പെടുന്നതും.

കഴിഞ്ഞ ദിവസം മുംബൈ അന്ധേരി വെസ്റ്റിലെ ദ ഗോഡ് ഫാദർ ക്ലബ്ബിൽ വെച്ച് ഒരാൾക്കുണ്ടായ അനുഭവമാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്. പുരുഷന്മാരുമായി വേഗത്തിൽ അടുപ്പം സ്ഥാപിക്കുകയും നേരിട്ട് കണ്ടുമുട്ടാൻ പെട്ടെന്നു തന്നെ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് തട്ടിപ്പിന്റെ മുഖ്യകണ്ണികൾ. നിഷ്കളങ്കരായി ഭാവിച്ച് അടുപ്പം സ്ഥാപിക്കുന്ന ഇവർ അടുത്തുള്ള ഏതെങ്കിലും കഫേകളോ അല്ലെങ്കിൽ റസ്റ്റോറന്റുകളിലോ വെച്ച് കണ്ടുമുട്ടാം എന്ന് അറിയിക്കും. അവിടെ എത്തിക്കഴി‌ഞ്ഞാൽ യുവതി വിലയേറിയ സാധനങ്ങൾ ഓർഡർ ചെയ്യാൻ തുടങ്ങും.

വിലകൂടിയ മദ്യവും ഹുക്കയുമൊക്കെ ഓർഡറിലുണ്ടാവും. എന്നാൽ യുവതി ഓർഡർ ചെയ്യുന്ന ഈ സാധനങ്ങലൊന്നും അതേ പേരിൽ ഹോട്ടലിലെ മെനുവിൽ ഉണ്ടാവില്ലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഓരോന്നിനും എത്ര രൂപയാണെന്ന് അറിയുകയുമില്ല. യുവതിയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിനിടെ സാധനങ്ങളുടെ വില അറിയാനുള്ള ശ്രമങ്ങൾ പോലും നടത്തില്ലെന്നതാണ് വാസ്തവം. ഈ സമയം തന്നെ അവർ പോലുമറിയാതെ കെണിയിൽ വീണു കഴിഞ്ഞു എന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഓർഡറുകളെല്ലാം നൽകിയ ശേഷം യുവതി പെട്ടെന്ന് സ്ഥലം വിടും. ഒരു ഫോൺ വരികയോ മറ്റോ ചെയ്യുകയും ശേഷം വളരെ അത്യാവശ്യമായി ഒരിടത്ത് പോകാനുണ്ടെന്ന് അറിയിച്ച് വേഗം ഇറങ്ങുകയുമായിരിക്കും ചെയ്യുക. ഇതോടെ വൻതുകയുടെ ബില്ല് കൊടുക്കാൻ ഈ ‘കൂടിക്കാഴ്ച’ തീരുമാനിച്ചയാൾ നിർബന്ധിതനാവും. കഴിഞ്ഞ ദിവസം പുറത്തുവന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ 23,000 രൂപ മുതൽ 61,000 രൂപ വരെയാണ് ബില്ലിലെ തുകകൾ. കൊള്ളവില ചോദ്യം ചെയ്യാനോ പ്രതിഷേധിക്കാനോ ശ്രമിച്ചാൽ ജീവനക്കാരോ ബൗൺസർമാരോ മ‍ർദിക്കും. അപമാനവും മർദനമേൽക്കുമെന്ന ഭയവും കാരണം മിക്കവരും എങ്ങനെയെങ്കിലും പണം നൽകി രക്ഷപ്പെടും.

ഗോഡ് ഫാദർ ക്ലബ്ബിന് പുറമെ മുംബൈയിലെ നിരവധി ക്ലബ്ബുകളും ഹോട്ടലുകളും ഇത്തരം പരിപാടികളിൽ പങ്കാളികളാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നുണ്ട്. ഈ സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കുകയും അവ‌ർ സ്ത്രീകൾക്ക് നിശ്ചിത പണം നൽകി ഡേറ്റിങ് ആപ്പുകൾ വഴി ആളുകളുമായി ബന്ധം സ്ഥാപിക്കാനും റസ്റ്റോറന്റിൽ എത്തിക്കാനും നിർദേശിക്കുകയാണത്രെ. ഡൽഹി, ഗുരുഗ്രാം, ബംഗളുരു, ഹൈദരാബാദ് എന്നിങ്ങനെയുള്ള വലിയ നഗരങ്ങളിലെല്ലാം ഇത്തരം തട്ടിപ്പുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിവിൽ സർവീസ് പരിശീലന വിദ്യാർത്ഥിയായ ഒരു യുവാവ് ഇക്കഴി‌ഞ്ഞ ജൂൺ മാസത്തിൽ സമാനമായ തട്ടിപ്പിൽപ്പെട്ട് 1.2 ലക്ഷം രൂപയാണ് നൽകേണ്ടി വന്നതത്രെ.

Related posts

ക്ലാസ് മുറിയിൽ പീഡനം, 8 വർഷത്തിന് ശേഷം തുറന്നുപറച്ചിലുമായി യുവാവ്, അധ്യാപിക അറസ്റ്റിൽ

Aswathi Kottiyoor

കണ്ണൂരിലെ അതിർത്തി ഗ്രാമത്തിലെ വിളകൾ പിഴുതെറിയും, വഴി തടയും; കർണാടക വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനാൽ രണ്ടു മണിക്കൂര്‍ നേരത്തേ സ്‌കൂളിലെത്തണം; ദുരിതത്തിലായി പരീക്ഷയുള്ള വിദ്യാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox