23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ഗ്രാമീണ്‍ ബാങ്കിന്റെ നടപടി തെറ്റ്, ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കും: എസ്എൽബിസി
Uncategorized

ഗ്രാമീണ്‍ ബാങ്കിന്റെ നടപടി തെറ്റ്, ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കും: എസ്എൽബിസി

കല്‍പ്പറ്റ: വയനാടിനെ എങ്ങനെ സഹായിക്കാം എന്ന് ചർച്ച ചെയ്തതായി ബാങ്കേഴ്സ് സമിതി(എസ്എൽബിസി). ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കുമെന്നും വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും യോഗത്തിനുശേഷം ബാങ്കേഴ്സ് സമിതി വ്യക്തമാക്കി. വായ്പകൾ എഴുതി തള്ളേണ്ട അധികാരം ബോർഡാണ് തീരുമാനിക്കേണ്ടത്. എസ്എൽബിസിക്ക് അതിനുള്ള അധികാരമില്ല. ഒരുവർഷത്തെ മൊറൊട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഇഎംഐ പിടിച്ച നടപടി ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അത് തിരികെ നല്‍കിയിട്ടുണ്ടെന്നും ബാങ്കേഴ്സ് സമിതി പറഞ്ഞു.

ഗൃഹനാഥനും ഗൃഹനാഥയും മരിച്ച കുടുംബങ്ങളുടെ പ്രത്യേക കണക്കെടുക്കും. ഇവരുടെ വായ്പ എഴുതിത്തള്ളണമെന്ന് എസ്എൽബിസി ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇതിൽ അടിയന്തര നടപടി സ്വീകരിക്കും. 12 ബാങ്കുകൾ ആണ് ദുരന്തമേഖലയിൽ വായ്പ നൽകിയത്. ലോൺ എടുത്തവരുടെ എണ്ണം 3220 ആണ്. 35.32 കോടിയാണ് ആകെ വായ്പ. കൃഷി വായ്പയായി 19.81 കോടി എടുത്തത് 2460 പേരാണ്. പ്രൈവറ്റ് ബാങ്കിന്റെ കാര്യം എസ്എൽബിസി പരിധിയിൽ വരുന്നതല്ല. കൃഷിഭൂമി പൂർണമായും നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതി തള്ളൽ പരിഗണിക്കണം. കാർഷിക വായ്പകൾക്ക് മൊറട്ടോറിയം ഒരു വർഷത്തേക്കാക്കാന്‍ നിർദേശം നൽകും. തിരിച്ചടവിന് അഞ്ച് വർഷം സാവകാശം നല്‍കും. ചെറുകിട സംരംഭങ്ങളെ കൂടി ഉൾപ്പെടുത്താൻ നിർദേശം നല്‍കുമെന്നും ബാങ്കേഴ്സ് സമിതി വ്യക്തമാക്കി.

സർക്കാർ നൽകിയ ധനസഹായത്തിൽനിന്ന് വായ്പ ഈടാക്കിയ സംഭവം വിവാദമായതോടെ കൽപ്പറ്റ ഗ്രാമീൺ ബാങ്ക് ഖേദം പ്രകടിപ്പിച്ചിരുന്നു. ചീഫ് മാനേജർ ലീസൻ എൽ കെയാണ് ഖേദം പ്രകടിപ്പിച്ചത്. പണം ഇനിയും തിരിച്ചുനൽകാനുള്ളവർക്ക് ബുധനാഴ്ച 5 മണിക്കുള്ളിൽ തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ യുവജനസംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതോടെ വായ്പാതുകകൾ തിരിച്ചു നൽകിയതായി ഗ്രാമീൺ ബാങ്ക് അറിയിച്ചിരുന്നു. പണം തിരിച്ചുനൽകിയതിന്റെ രേഖകൾ ബാങ്ക് അധികൃതർ പൊലീസുകാർക്കടക്കം കൈമാറി. എന്നാൽ തിരിച്ച് വായ്പ പിടിച്ച രാജേഷ് എന്നയാൾക്ക് പണം കിട്ടിയില്ലെന്ന് മാത്രമല്ല, പേര് ബാങ്ക് അധികൃതർ നൽകിയ ലിസ്റ്റിൽ പേരും ഉണ്ടായിരുന്നില്ല. ഇതോടെ യുവജന സംഘടനകൾ വീണ്ടും പ്രതിഷേധം കടുപ്പിച്ചു. തുടർന്നാണ് ബാങ്ക് ഖേദം പ്രകടിപ്പിച്ചത്. ഇതോടെ കൽപ്പറ്റ ഗ്രാമീൺ ബാങ്കിലെ പ്രതിഷേധം അവസാനിച്ചു.

ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് വായ്പാ തുക പിടിച്ചതിൽ ബാങ്കിന് മുൻപിൽ ഉപരോധസമരവുമായി രംഗത്തുള്ളത്. സമരം കടുപ്പിച്ച സംഘടനകൾ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനൽകിയെന്ന് ബാങ്ക് മാനേജർ അറിയിച്ചെങ്കിലും ദുരന്തബാധിതർക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകൾ ആരോപിച്ചു. സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു.

Related posts

പി.എസ്.എഫ് ഒളിമ്പിക് റൺ വ്യാഴാഴ്ച

Aswathi Kottiyoor

കൊടും ക്രിമിനലുകൾ പരോളിലിറങ്ങി മുങ്ങുന്നു, പിടിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച; കണക്കുകൾ പുറത്ത്

Aswathi Kottiyoor

ട്വന്റി ട്വന്റിയുടെ 80% വിലക്കുറവുള്ള മെഡിക്കൽ സ്റ്റോര്‍ പൂട്ടിച്ചു; കിഴക്കമ്പലംകാരുടെ പരാതിയിൽ ഇസിഐ നടപടി

Aswathi Kottiyoor
WordPress Image Lightbox