പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങളും തടവുകാരുടെ അന്തസ്സ് ഹനിക്കുന്ന ജയിലധികൃതരുടെ ഇടപെടലുകളും നിരന്തരമായി ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സമരങ്ങള്‍ക്ക് തടവുകാര്‍ നിര്‍ബന്ധിതരാവുന്നതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പത്രക്കുറിപ്പിലൂടെ അറിയിച്ചു. മര്‍ദ്ദനത്തിനെതിരെ സോമന്‍ പാലക്കാട് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജയിലില്‍ വെച്ച് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സോമനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. ഷൈന, സോമനെ സന്ദര്‍ശിക്കാനായി ആദ്യം ജയിലിലും പിന്നീട് മെഡിക്കല്‍ കോളേജിലും ചെന്നെങ്കിലും ഉദ്യോഗസ്ഥര്‍ അത് അനുവദിച്ചില്ല. അതീവ സുരക്ഷാ ജയിലിലെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെയും അധികൃതരും പൊലീസും തടവുകാരോട് കാണിക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വാർത്താക്കുറിപ്പിൽ ആരോപിച്ചു.
സിപിഐ മാവോയിസ്റ്റിന്റെ നാടുകാണി ദളം കമാന്ററായിരുന്ന സോമന്‍ കല്‍പറ്റ സ്വദേശിയാണ്. ഇക്കഴിഞ്ഞ ജൂലൈ 28 ന് ഷൊര്‍ണൂരില്‍ വെച്ചാണ് സോമനെ ഭീകരവിരുദ്ധ സേനയും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘവും ചേര്‍ന്ന് പിടികൂടുന്നത്.