2018ലാണ് പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നത്. അങ്ങനെ സഹകരണ മെഡിക്കൽ കോളേജ് സർക്കാർ മെഡിക്കൽ കോളേജായി.എന്നാൽ അഞ്ച് വർഷത്തിനിപ്പുറവും ജീവനക്കാരുടെ തസ്തിക നിർണയിച്ച് സർക്കാർ ജീവനക്കാരാക്കിയില്ല. പല തവണ പരാതി പറഞ്ഞിട്ടും നടപടിയില്ല. ഒടുവിലാണിപ്പോൾ കേരളാ ഗവൺമെന്റ് നേഴ്സസ് യൂണിയനും എൻഡിഒ അസോസിയേഷനും സംയുക്തമായി സമരത്തിനിറങ്ങിയത്.
2016 ലെ ശമ്പളസ്കെയിലിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും 1500 ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. 2019 ൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ യാതൊരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നുമില്ല. മെഡിസെപ്,എൻപിഎസ്, ഗ്രൂപ്പ്ഇഷുറൻസ് തുടങ്ങിയവയെല്ലാം തുച്ചമായ ശമ്പളത്തിൽ നിന്നാണ് ഈടാക്കുക.സൂചനാ സമരമെന്ന നിലയിൽ ഏകദിന പണിമുടക്കാണ് ബുധനാഴ്ച സംഘടിപ്പിച്ചത്. നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം