അഹമ്മദാബാദ്: ചാന്ദിപുര വൈറസ് ബാധിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഗുജറാത്തിൽ ആറ് കുട്ടികൾ മരിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയിട്ടുണ്ട്. ചാന്ദിപുര വൈറസ് ഗുരുതരമായ എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം) ലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്.
ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ ഗൗരവമായി കാണുകയും പ്രത്യേക സംഘത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ നടപടികളെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവത്കരിക്കുന്നത് തുടരുകയാണ്.
രോഗബാധിതരായ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെഡിക്കൽ സംഘങ്ങൾ 24 മണിക്കൂറും കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ട്. വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്.
തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതാണ് വൈറസ് ബാധ.