23.4 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • വിങ്ങിപ്പൊട്ടി ഉറ്റവര്‍, വിട ചൊല്ലി നാട്; ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു
Uncategorized

വിങ്ങിപ്പൊട്ടി ഉറ്റവര്‍, വിട ചൊല്ലി നാട്; ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടില്‍ അകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തട്ടി തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.കൊച്ചിയിൽ നിന്നുള്ള നേവി സംഘവും ഇന്ന് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്.

ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

ഭക്ഷണം വരെ ആയുധമാകുന്ന സാഹചര്യം, സുഡാനിൽ എല്ലാ 2 മണിക്കൂറിലും ഓരോ കുഞ്ഞ് വീതം മരിക്കുന്നു, ക്ഷാമം രൂക്ഷം

അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ

Aswathi Kottiyoor

ആരൊക്കെ കുടുങ്ങും? തെലുങ്ക് സിനിമയിലെ ‘സബ് കമ്മിറ്റി റിപ്പോർട്ട്’ പുറത്തുവിടണമെന്ന് ‘വോയ്സ് ഓഫ് വിമൻ’

Aswathi Kottiyoor
WordPress Image Lightbox