24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് ശക്തമായ മഴ; ശംഖുമുഖത്തും വലിയതുറയിലും വീടുകളില്‍ വെള്ളം കയറി
Uncategorized

തിരുവനന്തപുരത്ത് ശക്തമായ മഴ; ശംഖുമുഖത്തും വലിയതുറയിലും വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരം മുറിച്ച് മാറ്റി. ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.

വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

പത്തനംതിട്ടയില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിര്‍ദ്ദേശം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും. 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യതയെന്നാണ് വിലയിരുത്തല്‍.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതിജാഗ്രത വേണമെന്ന് അധികൃതര്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലേക്ക് അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിംഗ് നിരോധിച്ചു. തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു.

Related posts

കാട്ടുപന്നി ശല്യം; കേളകം പഞ്ചായത്തിൽ ആലോചന യോഗം ചേർന്നു

Aswathi Kottiyoor

ആലത്തൂർ ചുവപ്പിച്ച് രാധേട്ടൻ; തിരികെ പിടിച്ച് ഇടതുകോട്ട

Aswathi Kottiyoor

വൈദ്യശാസ്ത്ര നൊബേല്‍ 2 പേർക്ക്; നേട്ടം കോവിഡ് പ്രതിരോധ ഗവേഷണത്തിന്

Aswathi Kottiyoor
WordPress Image Lightbox