22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • പാന്‍ ഇന്ത്യന്‍ കാത്തിരിപ്പിന് അവസാനം; 5 ഭാഷകളില്‍ ‘മഞ്ഞുമ്മല്‍ ബോയ്‍സ്’ ഒടിടിയില്‍
Uncategorized

പാന്‍ ഇന്ത്യന്‍ കാത്തിരിപ്പിന് അവസാനം; 5 ഭാഷകളില്‍ ‘മഞ്ഞുമ്മല്‍ ബോയ്‍സ്’ ഒടിടിയില്‍

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഫെബ്രുവരി 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 74-ാം ദിനത്തിലാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ ചിത്രം കാണാനാവും. മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പ് മാത്രമാണ് തിയറ്ററുകളില്‍ എത്തിയിരുന്നത്.

ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു അഭിമുഖത്തില്‍ ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. എന്നാല്‍ ചിത്രം ഏത് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുന്‍പായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു.

റിലീസിന് ഒരു ദിവസം മുന്‍പ് മാത്രമാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതെങ്കിലും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടിയത്. ആദ്യദിനം തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടിയതോടെ ചിത്രം തിയറ്ററുകളിലെ കുതിപ്പ് തുടങ്ങി. തമിഴ്നാട്ടിലും മലയാള സിനിമയുടെ സീന്‍ മാറ്റി ഈ ചിത്രം. 50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടാനായി മഞ്ഞുമ്മല്‍ ബോയ്സിന്. ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ഏക മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Related posts

സോഫ്റ്റ്‍വെയർ കയറ്റുമതിയില്‍ 13,255 കോടി രൂപയുടെ വരുമാനവുമായി ടെക്നോപാര്‍ക്ക്; കൈവരിച്ചത് 14 ശതമാനം വളർച്ച

Aswathi Kottiyoor

കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ, മരണം പീഡന കേസിൽ വിധി വരാനിരിക്കെ

Aswathi Kottiyoor

പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox