കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് നയിക്കുന്ന നായകന്‍ സഞ്ജു സാംസണിന്‍റെ ആത്മവിശ്വാസം ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ സഹായിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം യൂസഫ് പത്താന്‍.
എല്ലാ താരങ്ങളുടെയും പ്രകടനവും സെലക്ടർമാർ കാണുന്നുണ്ടെന്നും കഠിനാധ്വാനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് സമയം വരുമ്പോൾ അവസരം ലഭിക്കുക തന്നെ ചെയ്യുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബംഗാളിലെ ബെഹറാംപൂരിൽ മത്സരിക്കുന്ന യൂസഫ് പത്താന്‍ പറഞ്ഞു.
ബാറ്റിംഗിലെ സ്ഥിരതയായിരുന്നു ഇതുവരെ സഞ്ജുവിന്‍റെ പ്രശ്നം. എന്നാൽ ഈ സീസണില്‍ രാജസ്ഥാനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിന് ഇപ്പോൾ അത്തരം പ്രശ്നമില്ല. ക്യാപ്റ്റനെന്ന നിലയിലും സഞ്ജു രാജസ്ഥാനെ നന്നായി നയിക്കുന്നുണ്ട്. അങ്ങനെ തോറ്റു പിൻമാറുന്ന ആളല്ല സഞ്ജുവെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും യൂസഫ് പത്താൻ പറഞ്ഞു.
ഐപിഎല്ലിൽ തകർത്തടിച്ചിട്ടും യുവതാരത്തെ ഒഴിവാക്കി, സ്മിത്തിനും ഇടമില്ല, ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമായി
രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതാണെന്നും യൂസഫ് പത്താൻ റഞ്ഞു. സഹോദരന്‍ ഇര്‍ഫാന്‍ പത്താനുമായും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ബെഹറാംപൂരിൽ വികസനം കൊണ്ടുവരാൻ കോണ്‍ഗ്രസ് എം പിയായ അധീർ രഞ്ജൻ ചൗധരിക്ക് കഴിഞ്ഞില്ല. ബെഹ്റാംപൂരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുവാക്കൾക്കായി ബെഹ്റാംപൂരിൽ സ്പോർട്സ് അക്കാദമി തുടങ്ങുമെന്നും വികസനത്തിലാണ് താൻ പ്രധാനമായും ശ്രദ്ധിക്കുന്നതെന്നും യൂസഫ് പത്താന്‍ വ്യക്തമാക്കി.