24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജലക്ഷാമം രൂക്ഷമാവുന്നു; കാർ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചവർക്ക് പിഴ ചുമത്തി ബംഗളുരു അധികൃതർ
Uncategorized

ജലക്ഷാമം രൂക്ഷമാവുന്നു; കാർ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചവർക്ക് പിഴ ചുമത്തി ബംഗളുരു അധികൃതർ

ബംഗുളുരു: കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവിൽ ജല ദുരുപയോഗം തടയാൻ കടുത്ത നടപടികളുമായി അധികൃതർ. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങൾക്ക് അധികൃതര്‍ പിഴ ചുമത്തി. കാർ കഴുകുക, ചെടികൾക്ക് വെള്ളമൊഴിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 5000 രൂപ വീതം പിഴ ഈടാക്കിയത്.

22 കുടുംബങ്ങളിൽ നിന്ന് പിഴ ഇനത്തിൽ 1.10 ലക്ഷം രൂപ ഈടാക്കിയതായി ബംഗളുരു വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ജല ദുരുപയോഗം കണ്ടെത്തിയത്. ഇതിൽ തന്നെ 80,000 രൂപയോളം ഇടാക്കിയതും നഗരത്തിന്റെ തെക്കൻ പ്രദേശത്തു നിന്നായിരുന്നു.

കടുത്ത ജലദൗർലഭ്യം കണക്കിലെടുത്ത് പരമാവധി കുറച്ച് വെള്ളം ഉപയോഗിക്കണമെന്ന് നേരത്തെ വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് നിർദേശിച്ചിരുന്നു. വാഹനങ്ങൾ കഴുകാനോ, നിർമാണ ആവശ്യങ്ങൾക്കോ, വിനോദ പരിപാടികൾക്കോ വേണ്ടി കുടിവെള്ളം ഉപയോഗിക്കരുതെന്ന ക‍ർശന നിർദേശം നൽകിയിട്ടുണ്ട്. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരിൽ നിന്ന് അധിക പിഴയായി 500 രൂപ വീതം ഈടാക്കും. ഹോളി ആഘോഷങ്ങളുടെ ഭാഗമായി പൂൾ പാർട്ടികളും മഴ നൃത്തങ്ങളും നടത്തുമ്പോഴും കുടിവെള്ളം പാഴാക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവിൽ ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും ജല ഉപയോഗം കുറയ്ക്കാൻ എയറേറ്ററുകൾ സ്ഥാപിക്കണമെന്നാണ് അധികൃതരുടെ നിർദേശം. രാജ്യത്തിന്റെ ഐടി തലസ്ഥാനമായി അറിയപ്പെടുന്ന നഗരത്തിൽ കുടിവെള്ള ക്ഷാമം കാരണം പല സ്ഥാപനങ്ങളും വീണ്ടും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറി. ഭക്ഷണം കഴിക്കാൻ ഡിസ്പോസിബിൽ പാത്രങ്ങൾ ഉപയോഗിച്ചും ടോയിലറ്റ് ഉപയോഗത്തിന് മാളുകളെ ആശ്രയിച്ചുമൊക്കെയാണ് ബംഗളുരു നിവാസികൾ ജല ദൗർലഭ്യം മറികടക്കുന്നത്.

പ്രതിദിനം വേണ്ട 2600 മില്യൻ ലിറ്റർ വെള്ളത്തിൽ ഏതാണ്ട് 500 മില്യൻ ലിറ്ററിന്റെ കുറവാണ് ഇപ്പോഴുള്ളത്. ആകെ ആവശ്യത്തിന്റെ 1470 മില്യൻ ലിറ്ററും കാവേരി നദിയിൽ നിന്നാണ് ബംഗളുരു നഗരത്തിലെത്തിയിരുന്നത്. 650 മില്യൻ ലിറ്റർ വെള്ളം കുഴൽക്കിണറുകളിൽ നിന്നും ലഭിച്ചിരുന്നു.

Related posts

ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ആശ്വാസമായി നിപ പരിശോധന ഫലം; 10 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍

Aswathi Kottiyoor

മോഷണം; അമ്മയും മകനും അറസ്റ്റിൽ –

Aswathi Kottiyoor
WordPress Image Lightbox