ഇടുക്കി: സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായുള്ള നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയതായി പരാതി. നൂറു കിലോയോളം വരുന്ന ഇരുമ്പുസാമഗ്രികളാണ് മോഷണം പോയത്. സാമഗ്രികള്‍ മോഷണം പോയെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ നല്ലതണ്ണി കല്ലാറിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിനു തൊട്ടടുത്തായി പഞ്ചായത്തു വക സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിനായി എത്തിച്ച നിര്‍മ്മാണ സാമഗ്രികളാണ് മോഷണം പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
നൂറു കിലോയോളം വരുന്ന ഇരുമ്പു സാമഗ്രികളാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ നല്‍കിയ പരാതിയിന്മേല്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യങ്ങള്‍ കല്ലാറിലെ പ്ലാന്റില്‍ എത്തിച്ച് വിവിധ പ്രക്രിയകള്‍ വഴി ബയോഗ്യാസ്, ജൈവവളം, ഖര വസ്തുക്കള്‍ എന്നിവയാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള നിര്‍മ്മാണമായിരുന്നു പദ്ധതി. ഇതിനായിട്ടാണ് കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മാണ ഉപകരണങ്ങള്‍ പ്ലാന്റില്‍ എത്തിച്ചത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയതോടെ പ്ലാന്റ് നിര്‍മ്മാണം പാതി വഴിയില്‍ നിലയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളാണ് മോഷണം പോയത്. മൂന്നു കോടി മുടക്കിയായിരുന്നു ഇതിന്റെ നിര്‍മ്മാണം. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ വിവരം ലഭിക്കുന്നവര്‍ പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.