23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • യുഗ പുരുഷന്റെ ഓർമയിൽ; ഇന്ന് ശ്രീനാരായണ ഗുരു സമാധി’
Uncategorized

യുഗ പുരുഷന്റെ ഓർമയിൽ; ഇന്ന് ശ്രീനാരായണ ഗുരു സമാധി’

കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം വളരെ വലുതാണ്. ജാതി മത ചിന്തകളിലെ ജീർണതകൾക്ക് എതിരെ പോരാടിയ അദ്ദേഹം നമ്മുടെ സാംസ്‌കാരിക വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നത് പോലെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുക വഴി മാനവികതയുടെ ഉദാത്തമായ മാതൃകയാണ് ഗുരു സൃഷ്‌ടിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ 1856 ഓഗസ്‌റ്റ് മാസം 20നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്‌കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അറിവുണ്ടായിരുന്നു. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.

പിന്നീട് സാധാരണ ജീവിതം നയിച്ച അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടത് പതിഞ്ചാം വയസിലാണ്. അദ്ദേഹത്തിന്റെ കൗമാരകാലം അച്ഛനെ സഹായിച്ചും, പഠനത്തിലും, അടുത്തുള്ള ക്ഷേത്രത്തിലെ ആരാധനയിലും മുഴുകിയായിരുന്നു. പിതാവിന്റെ മരണശേഷമാണ് അദ്ദേഹം സന്യാസ ജീവിതത്തിലേക്ക് കടക്കുന്നത്.

തൈക്കാട് അയ്യാ ഗുരുവുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ചട്ടമ്പി സ്വാമിയുമായും ഇക്കാലത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. പിന്നീട് 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി ചരിത്രം മാറ്റിയെഴുതി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയായിരുന്നു ഗുരുവിന്റെ ഈ പ്രവർത്തി.

സവർണ്ണ മേധാവിത്വത്തിനോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം പ്രതിഷ്‌ഠ. പിന്നീട് സമാനമായ രീതിയിൽ താഴ്ന്ന ജാതിക്കാർക്ക് വേണ്ടി നിരവധി മുന്നേറ്റങ്ങൾ ഗുരുവിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. 1904ലാണ് അദ്ദേഹം ശിവഗിരിയിൽ ആശ്രമം സ്ഥാപിച്ചത്. ഇതിനിടയിൽ എസ്എൻഡിപി യോഗം പോലെയുള്ള സംഘടനകളും സ്ഥാപിതമായി.

1928 സെപ്റ്റംബർ 22ന് ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണ ഗുരു സമാധിയായത്. നവോത്ഥാന പ്രവർത്തനങ്ങൾക്കും, സാമൂഹ്യ പരിഷ്‌കരണത്തിനും അപ്പുറം ഗുരുവിന്റെ ദർശനങ്ങൾ ഇന്നും സമൂഹത്തിൽ പ്രസക്തമാണ്. അതിനാലാണ് അദ്ദേഹത്തിന്റെ സമാധി ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും ഇന്നും ആളുകൾ ഓർത്തെടുക്കുന്നത്.

Related posts

കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവം; അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും

Aswathi Kottiyoor

കഠിന കഠോരം: ലേണേഴ്സ് പാസാവാന്‍ 60%; കൊടും വളവും ചെങ്കുത്തായ കയറ്റവും ലൈസന്‍സ് കടമ്പ

Aswathi Kottiyoor

കേരളത്തിൽ റബർ വളരുന്നു, ഭൂവിസ്തൃതിയിൽ 15.3%; 3 ജില്ലകളിൽ മാത്രം തളർച്ച

Aswathi Kottiyoor
WordPress Image Lightbox