സംസ്ഥാനത്തിന്റെ തനതുവരുമാന വളർച്ച അംഗീകരിച്ച് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. 2022ലെ സംസ്ഥാനത്തിന്റെ റവന്യു സംബന്ധിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വച്ചു.
2018നെ അപേക്ഷിച്ച് 2022ൽ തനതുവരുമാനത്തിൽ 11,144 കോടി രൂപയുടെ വർധനയുണ്ട്. 57,659 കോടിയിൽനിന്ന് 68,803 കോടിയായി ഉയർന്നു. ആകെ റവന്യുവരുമാനത്തിന്റെ 59 ശതമാനമാണിത്. 2021നെ അപേക്ഷിച്ച് 19,023 കോടിയുടെ വർധനയുണ്ട്. എന്നാൽ, 2021ൽ കേന്ദ്രവിഹിതം റവന്യു വരുമാനത്തിന്റെ 44 ശതമാനമായിരുന്നു. നികുതിയിനങ്ങളിൽ 11,880 കോടിയുടെ അധിക വരുമാനം 2022ൽ ഉണ്ട്. നികുതി വരുമാനം 46,460 കോടിയിൽനിന്ന് 58,340 കോടിയായി.
2022ലെ റവന്യു വരവ് മുൻവർഷത്തെ അപേക്ഷിച്ച് 19.49 ശതമാനം ഉയർന്നു. കോവിഡിനുമുമ്പുള്ള 2019ലെ അപേക്ഷിച്ച് വർധന 25.62 ശതമാനമാണ്. തനത് റവന്യു വളർച്ചനിരക്ക് (തനത് നികുതിയും നികുതിയേതര വരുമാനവും) 25.12 ശതമാനമാണ്. 2020ൽ 0.26 ശതമാനവും 2021ൽ 12.14 ശതമാനവുമായിരുന്നു. 2022ലെ റവന്യു വരുമാനത്തിൽ ജിഎസ്‌ടി പങ്ക് 41 ശതമാനമാണ്. ജിഎസ്‌ടി 2021ലെ 20,281 കോടിയിൽനിന്ന് അടുത്തവർഷം 24,170 കോടിയായി. അവസാനിച്ച മുമ്പുള്ള അഞ്ചുവർഷത്തിൽ കേരളത്തിന്റെ തനതുവരുമാനത്തിൽ 7.51 ശതമാനംമുതൽ 13.59 ശതമാനംവരെയുണ്ടായിരുന്ന നികുതിയേതര വരുമാനം 2022ൽ 43 ശതമാനം ഉയർന്നു.
പെൻഷൻ വിതരണത്തിന്
29,633 കോടി
2018 മുതൽ 2021 വരെ 29,633 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി ഉപയോഗിച്ചെന്ന് പെൻഷൻ വിതരണം സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. മാസങ്ങളുടെ ബാച്ചുകളായി വിതരണംചെയ്‌തതോടെ പ്രതിമാസ പെൻഷൻ വിതരണമെന്ന പ്രധാന ഉദ്ദേശ്യം പരാജയപ്പെട്ടതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എന്നാൽ, ഈവർഷത്തെ കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെന്നതിൽ മിണ്ടാട്ടമില്ല.