27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ദേശകാലങ്ങളെ അതിജീവിക്കുന്നത്: മുഖ്യമന്ത്രി
Kerala

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ദേശകാലങ്ങളെ അതിജീവിക്കുന്നത്: മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യർ തമ്മിലുള്ള ചേരിതിരിവുകൾ രൂക്ഷമായിരുന്ന, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേൽക്കൈയുണ്ടായിരുന്ന കാലഘട്ടത്തിൽ കേരളീയ ജീവിത പരിസരങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഗുരു ദർശനങ്ങളാണ്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ​ഗുരുവും ​ഗുരു നൽകിയ ആശയങ്ങളും എന്നും മുഖ്യമന്ത്രി ചതയദിന ആശംസയിൽ പറഞ്ഞു. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ നിരവധി വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നും ഇതിന് ഗുരുദർശനങ്ങൾ ഊർജ്ജമാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി എല്ലാവർക്കും ചതയദിന ആശംസകളും നേർന്നു.

​ഗുരുവിനെപ്പോലെ സാമൂഹ്യ പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഇത്രയേറെ തിരിച്ചറിഞ്ഞ മറ്റൊരു നവോത്ഥാന നായകൻ കേരള ചരിത്രത്തിൽ ഉണ്ടാവില്ല. ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനും ഗുരുദേവ ദർശനങ്ങൾ ജനങ്ങളോടാഹ്വാനം ചെയ്തു. ചൂഷണവ്യവസ്‌ഥയെ തുറന്നെതിർക്കാനും സവർണ്ണ മേൽക്കോയ്മാ യുക്തികളെ ചോദ്യം ചെയ്യാനും ഗുരു ഊർജ്ജം പകർന്നുനൽകി. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ഉദ്ഘോഷിച്ചത്. ശാസ്ത്രബോധവും മാനവികതാ ബോധവും ഒരുപോലെ ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ തെളിഞ്ഞുനിന്നിരുന്നു.

ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകളും പ്രവർത്തനങ്ങളും കാരണമാണ് കേരളം ഇന്നത്തെ കേരളമായത്. ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണ്. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ഈ വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും ഊർജ്ജമാവട്ടെയെന്നും മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു.

Related posts

എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

Aswathi Kottiyoor

പിരിഞ്ഞുകിട്ടാനുള്ളത് 3260 കോടി; ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

Aswathi Kottiyoor

പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലെ അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിവച്ചു

Aswathi Kottiyoor
WordPress Image Lightbox