ഓണാഘോഷത്തിനായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളും കൃഷിവകുപ്പും ചേർന്ന് നടത്തിയ പൂക്കൃഷി വൻവിജയം. 253.6 ഹെക്ടറിലായിരുന്നു കൃഷി. 501.5 ടൺ പൂവ് വിളവെടുത്തു. മഞ്ഞ, ഓറഞ്ച് ജമന്തിയും മുല്ലപ്പൂവുമാണ് കൃഷി ചെയ്‌തത്. കാസർകോട് ജില്ലയിൽ മാത്രമായിരുന്നു മുല്ലപ്പൂ കൃഷി.
ഏറ്റവും കൂടുതൽ കൃഷി നടന്നത് ആലപ്പുഴ ജില്ലയിലാണ്. 61 ഹെക്ടറിൽ കൃഷി നടത്തിയപ്പോൾ 122 ടൺ വിളവ് ലഭിച്ചു. വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് പൂവിൽപ്പന നടക്കുകയാണ്. അത്തം മുതലാണ് വിൽപ്പന ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകൾ ഇതിനായി തുറക്കുകയും ചെയ്‌തു. 100 രൂപ മുതലായിരുന്നു മിക്ക സ്ഥലത്തും വിൽപ്പന. തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും കൃഷിയുടെ ഭാഗമായി. ആയിരത്തിൽ അധികം വരുന്ന മേളകളിലും പൂവിൽപ്പന പൊടിപൊടിക്കുകയാണ്. ഉത്രാടംവരെ വിൽപ്പനയുണ്ടാകും.