ഡിപ്പോകളില്‍ യാത്രക്കാര്‍ കൂടിനിന്നാല്‍ എങ്ങോട്ടാണ് പോവേണ്ടതെന്ന് ആരാഞ്ഞ് ആ റൂട്ടില്‍ ബസ് ഓടിക്കണമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി. ജീവനക്കാർക്ക് സാമൂഹികമാധ്യമത്തിലൂടെ നൽകിയ ഓണസന്ദേശത്തിലാണ് നിർദേശം. ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കൂടുതലുണ്ടെങ്കില്‍ ഡിപ്പോ മേധാവിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം തിരക്കി നടപടി എടുക്കണം. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണെങ്കിലും സർവിസ് ഉറപ്പാക്കണം. 24 മുതല്‍ 31 വരെ പരമാവധി ബസുകള്‍ ഓടിച്ച് വരുമാനമുണ്ടാക്കണം. അതിന് എല്ലാവരും ഒന്നിക്കണം. ബസുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഓടുന്നത് ഒഴിവാക്കണം
മാസം 14 കോടി രൂപയുടെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങുന്നുണ്ട്. ഇവയുടെ വിതരണം കാര്യക്ഷമമല്ല. അതിന് മെക്കാനിക്കല്‍ ഉന്നത ഉദ്യോഗസ്ഥരെ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കട്ടപ്പുറത്തുള്ള 525 ബസുകള്‍ നിരത്തിലിറക്കിയാല്‍ മാസം 25 കോടി രൂപ അധികം ലഭിക്കും. ആര്‍ക്ക് മുന്നിലും കൈനീട്ടാതെ ശമ്പളം നല്‍കാം. ഇത് പ്രതിസന്ധിയുടെ അവസാന ഓണമാണ്. ഒമ്പതുകോടി രൂപ പ്രതിദിന വരുമാനം നേടാന്‍ കഴിയണം. ജീവനക്കാര്‍ പലവിധത്തില്‍ സ്ഥാപനത്തെയും മാനേജ്‌മെന്റിനെയും അവഹേളിക്കുന്നുണ്ട്. അതില്‍ രാഷ്ട്രീയവുമുണ്ട്
ഡ്യൂട്ടി പരിഷ്‌കരണത്തിലെ എതിര്‍പ്പിനെക്കുറിച്ചും ഓണസന്ദേശത്തില്‍ സി.എം.ഡി പരാമര്‍ശിച്ചു. ശമ്പള പരിഷ്‌കരണം നടത്തി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉയരുന്നില്ലെന്ന ചിന്ത സര്‍ക്കാറിനുണ്ട്. ഉൽപാദനക്ഷമത ഉയരുന്നില്ലെന്ന കാര്യം ധനമന്ത്രി പറഞ്ഞു. സര്‍ക്കാറിനും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു