27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആറളം ഫാമിൽ സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റം മൂന്നേക്കറോളം ചെണ്ടുമല്ലി കൃഷി നശിപ്പിച്ചു
Iritty

ആറളം ഫാമിൽ സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റം മൂന്നേക്കറോളം ചെണ്ടുമല്ലി കൃഷി നശിപ്പിച്ചു

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും പുറമേ സാമൂഹ്യ വിരുദ്ധരുടെയും കടന്നു കയറ്റം. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലികൃഷിയിൽ മൂന്നേക്കറോളം വരുന്ന കൃഷി പൂവും മൊട്ടും തണ്ടുമടക്കം നശിപ്പിച്ചു. അർധരാത്രിയോടെ കടന്നു കയറുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിൽ എന്നാണ് കരുതുന്നത്. ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ നശീകരണ പ്രവർത്തി നാലാം ദിവസമായ ശനിയാഴ്ച രാത്രിയും തുടർന്നതായി ആറളം കൃഷി അസിസ്റ്റന്റ് സുമേഷ് പറഞ്ഞു.
കൃഷിഭവന്റെ സഹകരണത്തോടെ ഓണം വിപണി ലക്ഷ്യമിട്ട് ആദിവാസികളുടെ സ്വാശ്രയ സംഘമാണ് ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ 25 ഏക്കറിൽ പുഷ്പ – ഫല കൃഷിയിറക്കിയത്. ചെണ്ടുമല്ലികൾ നല്ല വളർച്ച നേടുകയും പൂത്ത് തുടങ്ങുകയും ചെയ്തതോടെയാണ് നശീകരണ പ്രവർത്തിയും ആരംഭിച്ചത്. കൃഷിയിടത്തിലേക്ക് കടന്നുകയറിയവർ ബോധപൂർവം ചെടിയുടെ തണ്ടും പൂവും മൊട്ടുമടക്കം പറിച്ചു നശിപ്പിച്ചവിധമാണ് കാണാൻ കഴിയുന്നത്. ആദ്യ ദിവസം ഇത് ശ്രദ്ധയിൽ പെട്ടതോടെ ആറളം ഫാം ഫ്ലോറി കോ ഓപ്പ. സൊസൈറ്റിയുടെ പേരിൽ ആറളം പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും നശീകരണം തുടരുകയാണ്. ആനശല്യം രൂക്ഷമായ ഫാമിൽ രാത്രികാലങ്ങളിൽ പെട്രോളിംഗ് നടത്തുന്നതും കാവൽ നിൽക്കുന്നതും സാഹസികമായ പ്രവർത്തിയാണ് എന്ന് പോലീസും പറയുന്നു.
ആറളം ഫാമിലെ ആദിവാസികൾക്ക് തൊഴിലും കൂലിയും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 25 ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലിയും ഒപ്പം മുളകും കൃഷിയിറക്കിയത്. ചെണ്ടുമല്ലികൾ പൂത്തു തുടങ്ങിയതോടെ മനോഹാരിത നിറഞ്ഞ ഈ കാഴ്ച കാണാൻ പുറമെ നിന്നുള്ളവർ അടക്കം നിരവധി സന്ദർശകർ ഇവിടെ എത്തിത്തുടങ്ങിയിരുന്നു. ഇതിന്റെ വിപണനത്തിനായി എടൂരിലും ഇരിട്ടിയിലും സംവിധാനം ഒരുക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് നശീകരണ പ്രവർത്തിക്കും തുടക്കമാവുന്നത്. കാട്ടാന ശ്യല്യം രൂക്ഷമായ ഫാമിൽ രാത്രികാലങ്ങളിൽ പുറമെ നിന്നുള്ളവർ ആരും കടന്നുകയറി ഇത്തരം ഒരു പ്രവർത്തി നടത്താൻ ഇടയില്ലെന്നതാണ് നിഗമനം. അങ്ങിനെയെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണോ എന്ന സംശയവും ബലപ്പെടുകയാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ദ്രോഹികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി നടക്കുകയാണെന്ന് ആറളം പോലീസും പറയുന്നു. അതേസമയം ഏതു വിധേനയും ആറളം ഫാമിനെയും ഇവിടെ താമസിക്കുന്ന ആദിവാസികളെയും രക്ഷിക്കാനുള്ള ഒരു ചെറിയ ശ്രമമായിരുന്നു ഇതെന്നും ഇതിനെതിരെ നടക്കുന്ന ഇത്തരം വിപരീത പ്രവർത്തനങ്ങൾ മൂലം മനസ്സ് മടുത്തുപോവുകയാണെന്നും ഇതിനിറങ്ങി പുറപ്പെട്ടവർ പറയുന്നു.

Related posts

കനത്ത മഴയിൽ കാറിന് മുകളിൽ മരം പൊട്ടി വീണു; ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ്ന്റ് തലനാരിഴക്ക് രക്ഷപ്പെട്ടു

Aswathi Kottiyoor

പരസ്യ ബോർഡുകൾക്കെതിരെ നടപടി​ക്കൊരുങ്ങി ഇരിട്ടി

Aswathi Kottiyoor

വനംവകുപ്പ് മന്ത്രി രാജി വെക്കണം : അനൂപ് ജേക്കബ് എംഎല്‍എ

Aswathi Kottiyoor
WordPress Image Lightbox