24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ചന്ദ്രബിംബം നെഞ്ചിലേറ്റി ഇന്ത്യ: ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയം –
Uncategorized

ചന്ദ്രബിംബം നെഞ്ചിലേറ്റി ഇന്ത്യ: ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയം –

ശ്രീഹരിക്കോട്ട∙ രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.

ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. 108.1 സെക്കൻഡിൽ, ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം ആരംഭിച്ചു. 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെട്ടു. തുടര്‍ർന്ന് 114 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെട്ടു. തുടർന്ന് 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിഞ്ഞപ്പോൾ ദ്രാവക എൻജിനുകൾ വേർപെട്ടു. തുടർന്ന് ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമായി. പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ– ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തി. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം. നേരത്തെ അറിയിച്ചതു പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 –എം4 റോക്കറ്റ് കുതിച്ചുയർന്നു. ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 –എം4 റോക്കറ്റ്.

ഇനി പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.

ഇനിയെന്ത്:

∙ നിശ്ചിത സമയം കഴിയുമ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു ചന്ദ്രയാൻ 3 മാറും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്കു പ്രൊപ്പൽഷൻ മൊഡ്യൂൾ എത്തും.∙ ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും. എതിർദിശയിൽ പ്രൊപ്പൽഷൻ നടത്തി വീഴ്ചയുടെ വേഗം കുറയ്ക്കാൻ (ഡി–ബൂസ്റ്റ്)‍ നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്.രണ്ടു ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ഇതു 3 മീറ്റർ ആയാലും തകരാത്തവിധം കരുത്തുള്ള കാലുകളാണ് ഇത്തവണ ലാൻഡറിനു നൽകിയിരിക്കുന്നത്. ലാൻഡർ സാവധാനം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ, ആറു ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.

Related posts

ഹിമാലയൻ യാത്രക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെ; മുഴുവൻ സർവീസും സാധാരണ നിലയിലായെന്ന് എമിറേറ്റ്സ് എയർലൈൻസ്

Aswathi Kottiyoor

ഫോർച്യൂണർ കാറിന്‍റെ ഇഎംഐ മുടങ്ങി, വണ്ടി പൊക്കാൻ ക്വട്ടേഷൻ കിട്ടി, കേസായതോടെ വയനാട്ടിൽ ഉപേക്ഷിച്ചു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox