22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒരുമാസം പിന്നിട്ടു: കെ ഫോൺ അപേക്ഷകർ അരലക്ഷം
Kerala

ഒരുമാസം പിന്നിട്ടു: കെ ഫോൺ അപേക്ഷകർ അരലക്ഷം

കെ–-ഫോൺ പ്രവർത്തനം ആരംഭിച്ചിട്ട്‌ ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ ഗാർഹിക ഇന്റർനെറ്റ്‌ കണക്‌ഷന്‌ അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌. വീടുകളിൽ കണക്‌ഷൻ നൽകാൻ സന്നദ്ധതയറിയിച്ച്‌ അപേക്ഷ നൽകിയത്‌ ആയിരത്തഞ്ഞൂറിലേറെ സർവീസ്‌ പ്രൊവൈഡർമാർ. പതിനഞ്ചിനകം സർവീസ്‌ പ്രൊവൈഡർമാരുടെ അന്തിമപട്ടിക തയ്യാറാക്കും. രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും ഗാർഹിക കണക്‌ഷൻ നൽകാനുള്ള നടപടി ആഗസ്‌ത്‌ ആദ്യം തുടങ്ങുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ (കെഎസ്‌ഐടിഐഎൽ) പ്രോജക്ട്‌ മേധാവി എസ്‌ മോസസ്‌ രാജകുമാർ പറഞ്ഞു.

ഉദ്‌ഘാടനത്തിനുപിന്നാലെ പ്രഖ്യാപിച്ച കെ–-ഫോൺ താരിഫ്‌ ഇന്റർനെറ്റ്‌ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. മറ്റുള്ളവയെക്കാൾ കുറഞ്ഞ നിരക്കിൽ, മേന്മയുള്ള ഇന്റർനെറ്റ്‌ ലഭ്യതാ താരിഫാണ്‌ പ്രഖ്യാപിച്ചത്‌. നിലവിൽ ആറുമാസംവീതം കാലാവധിയിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്ന ഒമ്പതു പ്ലാനുകളുടെ വിവരങ്ങളാണുള്ളത്. ഒരുമാസത്തേക്ക് 299 രൂപ നിരക്കുള്ള പ്ലാനാണ് കൂട്ടത്തിൽ ഏറ്റവും ചെലവ്‌ കുറഞ്ഞത്‌. പ്ലാൻ കാലാവധിയിൽ 3000 ജിബിവരെ ഈ പ്ലാനിൽ ഉപയോഗിക്കാം. 250 എംബിപിഎസ് വേഗത്തിൽ 5000 ജിബി ഡേറ്റ ആറുമാസത്തേക്ക് നൽകുന്ന പ്ലാനാണ് ഏറ്റവും ചെലവേറിയത്. ഒരുമാസത്തേക്ക് 1249 രൂപ നിരക്കിൽ 7494 രൂപയോളം വരും.

‘എന്റെ കെ ഫോൺ’ എന്ന ആപ്പിലൂടെയാണ്‌ പുതിയ കണക്‌ഷന്‌ അപേക്ഷ സ്വീകരിക്കുന്നത്‌. ഇതുവരെ അരലക്ഷത്തോളംപേർ രജിസ്‌റ്റർ ചെയ്‌തു. മുൻഗണനാക്രമത്തിൽ കണക്‌ഷൻ നൽകാനാണ്‌ നീക്കം. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ പര്യാപ്തമായ അടിസ്ഥാനസൗകര്യം കെ–-ഫോൺ സജ്ജീകരിച്ചിട്ടുണ്ട്. വരുന്ന ആറുമാസത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കണക്‌ഷൻ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇതിനകം പതിനായിരത്തിലേറെ വീടുകളിലും പതിനെണ്ണായിരത്തിലേറെ ഓഫീസുകളിലും കെ-–-ഫോൺ കണക്‌ഷൻ എത്തിക്കഴിഞ്ഞു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലൊഴികെ ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷൻ നൽകുന്നത്‌ പുരോഗമിക്കുന്നു. 14 നിയോജകമണ്ഡലങ്ങളിലെ നൂറുവീതം കുടുംബങ്ങൾക്കാണ്‌ ആദ്യഘട്ടം നൽകുന്നത്‌. 10,920 സ്‌കൂളുകളിൽ കെ–-ഫോൺ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Related posts

പ്രായപൂർത്തിയായവരിൽ രണ്ടു ഡോസ്‌ എടുത്തവർ 49 ശതമാനംമാത്രം .

Aswathi Kottiyoor

ക​രി​ങ്ക​ൽ ക്വാ​റി; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

Aswathi Kottiyoor

ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox