24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ബാരാപ്പോൾ കനാലിൽ ചോർച്ച രണ്ട് വീടുകൾ അപകട ഭീഷണിയിൽ
Iritty

ബാരാപ്പോൾ കനാലിൽ ചോർച്ച രണ്ട് വീടുകൾ അപകട ഭീഷണിയിൽ

ഇരിട്ടി: അയ്യങ്കുന്ന്‌ പഞ്ചായത്തിലെ മിനി ജലവൈദ്യുത പദ്ധതിയായ ബാരാപോൾ കനാലിൽ ചോർച്ച. വെള്ളം ഒലിച്ചിറങ്ങി കനാലിന്റെ താഴ്വശത്തുള്ള രണ്ടു വീടുകൾ അപകട ഭീഷണിയിലായി. ഇതിനെത്തുടർന്ന് കനാലിലേക്കുള്ള ഷട്ടർ അടച്ച് വെള്ളം ഒഴുകുന്നത് താൽക്കാലികമായി നിർത്തി.
വേനൽ കാലത്ത് ബാരാപോൾ പുഴയിൽ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് വൈദ്യുതി ഉത്പാദനം നിർത്തിവെച്ചിരുന്നു. മഴ ശക്തിപ്പെട്ടതോടെ പുഴയിൽ നീരൊഴുക്ക് കൂടുകയും വീണ്ടും ഉത്പാദനം ആരംഭിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് കനാലിലൂടെ വെള്ളം തുറന്നുവിടുകയും ചെയ്‌തു. ഈ സമയത്താണ് കനാലിന്റെ താഴ്വശത്തുള്ള രണ്ടു വീടുകളിൽ വെള്ളം കയറിയത്.
പ്രദേശത്തെ കുറ്റ്യാനി ബിനോയ്, റെന്നി പല്ലാട്ട് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കുറ്റ്യാനി ബിനോയിയുടെ വീടിൻറെ പിൻവശത്ത് ഭൂമിക്ക് അടിയിലൂടെ വെള്ളം ഒഴുകിയെത്തി വീട്ടുമുറ്റവും മറ്റും വെള്ളത്തിലായി. വീട്ടിലെ കിണറിലും ചെളിവെള്ളം ഒലിച്ചിറങ്ങി. ശൗചാലയത്തിന്റെ ടാങ്ക് ഉൾപ്പെടെ നിറഞ്ഞു കവിഞ്ഞ് വീട് താമസ യോഗ്യമല്ലാതായി. സംഭവം അറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി സംഘടിക്കുകയും സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു. സണ്ണി ജോസഫ് എംഎൽഎ, വാർഡംഗം ബിജോയ് പ്ലാത്തോട്ടം എന്നിവരടക്കം സ്ഥലത്തെത്തി. ഇരട്ടി എസ് ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.
വൈദ്യുതി ഉൽപാദനത്തിനായി പുഴയിൽ നിന്ന് പാലത്തിൻകടവിലുള്ള ഷട്ടർ തുറന്ന് കനാലിലൂടെ ഫോർബേ ടാങ്കിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. വീട് കൂടുതൽ ഭീഷണിയിലാകും എന്ന സാഹചര്യം മുന്നിൽകണ്ട് ജനപ്രതികളും പോലീസും ആവശ്യപ്പെട്ടതനുസരിച്ച് ഷട്ടർ അടച്ച് കനാലിലൂടെ വെള്ളം ഒഴുക്കുന്നത് നിർത്തിയാണ് താൽക്കാലികമായി പ്രതിസന്ധി പരിഹരിച്ചത്. ഇതോടുകൂടി കനാലിലെ ചോർച്ച പരിഹരിച്ച് വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നത് തടയുന്നതു വരെ ഈ വർഷത്തെ വൈദ്യുതോല്പാദനവും പ്രതിസന്ധിയിലാകും.
അണക്കെട്ടില്ലാതെ നിർമ്മിച്ച ബാരാപ്പോൾ ജലവൈദ്യുത പദ്ധതിക്കായി പുഴ ഒഴുകിയെത്തുന്ന പാലത്തും കടവിലെ ഉയർന്ന പ്രദേശത്താണ് ട്രഞ്ച് വിയർ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്നും പെൻസ്റ്റോക്ക് പൈപ്പ് സ്ഥിതിചെയ്യുന്ന ഫോർബേ ടാങ്ക് വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് കനാൽ നിർമ്മിച്ചിട്ടുള്ളത്. വൈദ്യുത നിലയത്തിൽ നിന്നും ഏറെ ഉയരത്തിലൂടെയാണ് ഈ കനാൽ കടന്നു പോകുന്നത്. ഇതിനു കീഴ് ഭാഗത്തായി നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതിലെ ചിലവീടുകൾക്കാണ് കനാലിലെ ചോർച്ച മൂലം അപകട ഭീഷണി നിലനിൽക്കുന്നത്.
ഈ മൂന്ന് കിലോമീറ്റർ കനാലിൽ രണ്ട് കിലോമീറ്റർ ദൂരം കോൺക്രീറ്റ് ചെയ്താണ് കനാൽ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ബാക്കി ഒരു കിലോമീറ്റർ ദൂരം രണ്ടുവശത്തും കരിങ്കൽ കെട്ടിനു മുകളിൽ ഇരുമ്പ് വല വച്ച് കോൺക്രീറ്റ് ചെയ്യുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗത്ത് തുടക്കം മുതൽ തന്നെ ചോർച്ച കണ്ടെത്തിയിരുന്നു. നാലുവർഷം മുൻപ് ചോർച്ച പരിഹരിക്കുന്നതിന് റൂർക്കി ഐഐടി വിദഗ്ധ സംഘം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചോർച്ച അടച്ചിരുന്നു. ഇതും ഫലവത്തായില്ല എന്നുള്ളതാണ് ഇപ്പോൾ തെളിയുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ചോർച്ച വീണ്ടും കണ്ടതിനെ തുടർന്ന് റെനി പല്ലാട്ടിന്റെ വീനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം കെഎസ്ഇബി ഏറ്റെടുത്ത് വെള്ളം വീട്ടിലേക്ക് ഒഴുകിയെത്തുന്നത് തടയാനുള്ള നിർമ്മാണ പ്രവർത്തികൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇതുകൊണ്ടും പരിഹാരം ഉണ്ടാവില്ല എന്ന നാട്ടുകാരുടെ പരാതികൾക്ക് ഇടയിലാണ് ചൊവ്വാഴ്ച വീണ്ടും വലിയ രീതിയിൽ കനാൽ നിന്നുള്ള വെള്ളം ചോർന്ന് എത്തുന്ന സ്ഥിതി ഉണ്ടായത്. പൂർണ്ണമായും കോൺക്രീറ്റിൽ കനാൽ നിർമ്മിച്ച രണ്ട് കിലോമീറ്ററിൽ യാതൊരു വിധ ചോർച്ചയും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. കരിങ്കൽ ഭിത്തിയിൽ മിനുക്കു പണിചെയ്ത് നിർമ്മിച്ച കനാൽ ഭാഗത്തു മാത്രമാണ് പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ളത്. കോടികൾ പാഴാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്ന പ്രവർത്തിയിലൂടെ കെ എസ് ഇ ബി ചെയ്യുന്നതിനും പ്രശ്നം കണ്ടെത്തിയ ഒരു കിലോമീറ്റർ കനാൽ കോൺക്രീറ്റ് ചെയ്ത് പുനർ നിർമ്മിച്ചാൽ തീരാവുന്ന പ്രശ്നമാണ് ഇതെന്നും ഇനിയും ജനങ്ങളെ ദുരിതത്തിലാക്കാനുള്ള ശ്രമമാണ് കെ എസ് ഇ ബി നടത്തുന്നതെന്നും ജനങ്ങൾ ആരോപിക്കുന്നു.

Related posts

ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ

Aswathi Kottiyoor

കരിന്തളം – വയനാട് 400 കെവി വൈദ്യുതി ലൈൻ നഷ്ടപരിഹാരം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി

Aswathi Kottiyoor

ഇരിട്ടി വൈദ്യുതി ഭവൻ ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox