വടക്കഞ്ചേരി
വടക്കഞ്ചേരി –-മണ്ണുത്തി ദേശീയപാത നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചുപണി തുടരുകയാണ്. കുതിരാൻ തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലും വടക്കഞ്ചേരി മേൽപ്പാലത്തിലുമാണ് പൊളിച്ചുപണി. 2021 ജൂലൈ 31ന് തുറന്നുകൊടുത്ത ഇടത് തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിൽ ഇരുപതോളം തവണ ഇതിനകം കുത്തിപ്പൊളിച്ചു. ഇപ്പോൾ രണ്ടിടത്തും ഒരേസമയം പണിയാണ്. പീച്ചി റിസർവോയറിനുകുറുകെയുള്ള പാലത്തിന്റെ ജോയിന്റുകളിൽ വിള്ളൽ വീണതിനെത്തുടർന്നാണ് കുത്തിപ്പൊളിച്ച് വീണ്ടും കോൺക്രീറ്റിടുന്നത്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതിനെ തുടർന്നാണിത്. പാലങ്ങളായാൽ പൊളിച്ചുപണി പതിവാണെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം.
വടക്കഞ്ചേരി മേൽപ്പാലത്തിലുള്ളതും ഇതേ പ്രശ്‌നമാണ്. ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജങ്‌ഷൻ മുതലുള്ള മേൽപ്പാലത്തിൽ ഇരുദിശയിലുമായി 60 ഓളം തവണ പൊളിച്ചുപണിതു. 2021 ഫെബ്രുവരി ആറിന് തുറന്നുകൊടുത്തതുമുതൽ തുടങ്ങിയ പണി ഇപ്പോഴും തുടരുന്നു. ദേശീയപാത അതോറിറ്റിക്ക് മിണ്ടാട്ടമില്ല. കുതിരാൻഭാഗത്ത് പാലം കുത്തിപ്പൊളിച്ച് പണിയുന്നതിനെത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ ഭാഗികമായി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കിയെന്ന് പറഞ്ഞ് ടോൾ പിരിക്കുന്ന കരാർ കമ്പനിക്കും മൗനമാണ്. പന്നിയങ്കര ടോൾ പ്ലാസയിൽ ഒരു വർഷത്തിനകം മൂന്നുതവണ ടോൾ നിരക്ക് കൂട്ടി.