27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തീയിടുന്ന സ്വഭാവം മുന്നേയുണ്ട്; ലേഡീസ് ഷൂസ് കത്തിച്ച് ട്രെയിനിന്റെ സീറ്റിൽ വച്ചു’
Uncategorized

തീയിടുന്ന സ്വഭാവം മുന്നേയുണ്ട്; ലേഡീസ് ഷൂസ് കത്തിച്ച് ട്രെയിനിന്റെ സീറ്റിൽ വച്ചു’

കണ്ണൂർ ∙ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ചിലെ ഒരു സീറ്റിൽ മാത്രമാണു തീയിട്ടതെന്നും തീപ്പെട്ടിയുരച്ച് ലേഡീസ് ഷൂസിനു തീ കൊളുത്തിയ ശേഷം സീറ്റിൽ വയ്ക്കുകയായിരുന്നെന്നും കേസിലെ പ്രതി കൊൽക്കത്ത സ്വദേശി പ്രസോൻജിത് സിദ്ഗർ. തീയിട്ടതു പണവും ഭക്ഷണവും ലഭിക്കാത്തതിലെ നിരാശ കൊണ്ടാണെന്നും ആവർത്തിച്ചു. സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കുന്നതിനിടെയാണ് തീയിട്ടതിന്റെ വിശദാംശങ്ങൾ പ്രസോൻജിത് പൊലീസിനോടു വെളിപ്പെടുത്തിയത്.

തീയിടുന്ന വിചിത്ര സ്വഭാവം പ്രസോൻജിത്തിനു നേരത്തേയുണ്ടെന്നു പൊലീസ് കണ്ടെത്തി. കൊൽക്കത്തയിൽ നടത്തിയ അന്വേഷണത്തിലാണിതു വ്യക്തമായത്. സ്വന്തം ആധാർ കാർഡ് അടക്കം ഇയാൾ തീയിട്ടു നശിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു. സംഭവത്തിനു 2 ദിവസം മുൻപാണു തലശ്ശേരിയിലെത്തിയത്. സംഭവദിവസം രാത്രിയാണ് ആദ്യമായി കണ്ണൂരിലെത്തിയതെന്നും ഇയാൾ പറഞ്ഞു. ഏറ്റവും പിറകിലുള്ള, പത്തൊൻപതാമത്തെ കോച്ചിലാണ് ആദ്യം കയറിയത്. ഇവിടെ ജനൽച്ചില്ലു തകർത്തു. തീയിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിൽ നിന്നിറങ്ങിയാണു പതിനേഴാമത്തെ കോച്ചിൽ തെക്കുഭാഗത്തെ വാതിലിലൂടെ കയറിയത്. കയറിയപാടെയുള്ള സീറ്റിലാണു തീയിട്ടത്.

നിലത്തുനിന്നു കിട്ടിയ ലേഡീസ് ഷൂസിനു തീ കൊളുത്തിയ ശേഷം സീറ്റിൽ വയ്ക്കുകയായിരുന്നുവെന്നും പൊലീസിനോടു പറഞ്ഞു. ഷൂസിന്റെ അവശിഷ്ടമൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. തീ കൊളുത്തിയ ശേഷം ആയിക്കരയിലേക്കാണു പോയത്. ഇവിടെ രാത്രി തങ്ങിയ ശേഷം മറ്റെവിടെയെങ്കിലും പോകാനായി റെയിൽവേ സ്റ്റേഷനിലേക്കു നടക്കുന്നതിനിടെ പിടിയിലായി. തീപ്പെട്ടി വാങ്ങിയതു തലശ്ശേരിയിൽ നിന്നാണെന്നും പ്രതി വ്യക്തമാക്കി. വൈകിട്ട് 4.40നാണു റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിൽനിന്നു പൊലീസ് തെളിവെടുപ്പ് തുടങ്ങിയത്. എട്ടാമത്തെ യാഡിൽ മാറ്റിയിട്ട 3 കോച്ചുകളിലും പരിശോധന നടത്തി.

ഏറ്റവും പിന്നിലുള്ള കോച്ചിലാണു പ്രതിയെ ആദ്യം കയറ്റിയത്. കൈകളിൽ വിലങ്ങിട്ട് എത്തിച്ച പ്രതിയെ സേനാംഗങ്ങൾ കോച്ചിലേക്ക് കൈപിടിച്ച് കയറ്റി. തുടർന്ന് തീപിടിത്തം നടന്ന കോച്ചിലേക്ക് എത്തിച്ചു. തീപിടിത്തം എങ്ങനെ ഉണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ്, പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റി. തീയിട്ട രീതി, പൊലീസ് നൽകിയ തീപ്പെട്ടിയുടെ സഹായത്തോടെ പ്രസോൻജിത് വിശദീകരിച്ചു. 40 മിനിറ്റോളം തെളിവെടുപ്പു നീണ്ടു.

കോച്ചിൽ നിന്നിറങ്ങി ബിപിസിഎൽപെട്രോളിയം സംഭരണശാലയ്ക്കടുത്തുള്ള റോളിങ് ഷെഡിനു (പാളം, ട്രെയിൻ എന്നിവ പരിശോധിക്കുന്ന ജീവനക്കാർ ഇരിക്കുന്ന ചെറിയ ഷെഡ്) അരികിൽനിന്നു പൊലീസിന് കാര്യങ്ങൾ വിശദീകരിച്ചു നൽകി. ശേഷം താവക്കര റെയിൽവേ മേൽ‌പ്പാലത്തിനു മുകളിലൂടെ 20 മീറ്റർ മുന്നോട്ട് പ്രതിയുമായി സഞ്ചരിച്ച പൊലീസ് സംഘം കുറ്റിക്കാടുകൾക്കടുത്ത് യാത്ര അവസാനിപ്പിച്ച് തിരികെ മടങ്ങി. എസിപി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അടുത്തദിവസവും തുടരും. ആയിക്കരയിലും തലശ്ശേരിയിലും എത്തിച്ചു തെളിവെടുക്കും.

Related posts

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; മുഖ്യപ്രതി സവാദ് റിമാൻഡിൽ

Aswathi Kottiyoor

കടംകേറി മുടിഞ്ഞു, 2 കോടിക്ക് കിഡ്‍നി വിൽക്കാൻ പോയി, സിഎക്കാരന് കിട്ടിയത് വൻപണി

Aswathi Kottiyoor

ഇടുക്കി രൂപതയുടെ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശനത്തെ സ്വാഗതം ചെയ്ത് ബിജെപി

Aswathi Kottiyoor
WordPress Image Lightbox