Uncategorized

പിണങ്ങിപ്പോയ ഭാര്യയെ കുടുക്കാൻ വ്യാജപരാതി, പൊലീസ് അന്വേഷണത്തിൽ പുറത്തായത് 3 കൊലപാതകങ്ങൾ, പരാതിക്കാരനും ഭാര്യയും പിടിയിൽ

സൂറത്ത്: 9 മാസം മുൻപ് പിണങ്ങിപ്പോയ ഭാര്യയെ കൊലപാതക കേസിൽ കുടുക്കാനുള്ള ശ്രമത്തിനിടെ പുറത്ത് വന്നത് മൂന്ന് കൊലപാതകങ്ങൾ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഭാര്യയുടെ അമ്മൂമ്മയെ ഭാര്യയും ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് മാധവ്ദാസ് സാധു എന്നയാൾ പൊലീസിൽ അറിയിച്ചത്. 2022ൽ മുത്തശ്ശിയായ കൊസാംബ സ്വദേശിയായ ശാന്താബെൻ വസാവയെ ഭാര്യയും ബന്ധുവും ചേർന്നു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അഫ്സൽ എന്നയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് വ്യക്തമായി. ഇതോടെ അഫ്സലിനൊപ്പമിരുത്തി മാധവ്ദാസ് സാധുവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഒന്നിന് പുറമേ ഒന്നായി മൂന്ന് കൊലപാതക വിവരം പുറത്ത് വന്നത്. 9 മാസം മുൻപ് മകനെയും കൂട്ടി പിണങ്ങിപ്പോയ ഭാര്യ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുമോയെന്ന സംശയത്തിൽ അഫ്സലിനെതിരെ വ്യാജ പരാതി നൽകിയതാണെന്ന് ഇയാൾ വിശദമാക്കി.

മാധവ്ദാസും ഭാര്യയും ചേർന്നാണ് ശാന്താബെൻ വാസവയെ 2022 ഒക്ടോബർ 7നാണ് കൊലപ്പെടുത്തിയത്. ഉറക്കത്തിൽ ഇവരെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹം ഡ്രമ്മിൽ വച്ച് കോൺക്രീറ്റ് നിറച്ച് വീട്ടിനുള്ളിൽ വച്ചു. മൂന്ന് മാസത്തിന് ശേഷം വീടിന്റെ വരാന്തയിൽ കുഴിയെടുത്ത് ഈ ഡ്രം കുഴിച്ച് മൂടി. ഭാര്യയുടെ ബന്ധുക്കളോട് ശാന്താബെൻ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഇരുവരും വെളിപ്പെടുത്തിയിരുന്നത്. ശാന്താബെൻ വാസവയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈ കൊലപാതകം. സമാനമായ രീതിയിൽ 2021ൽ മാധവ്ദാസിന്റെ കിടപ്പിലായ അമ്മ മഞ്ജുളാ ബെൻ സാധുവിനേയും ദമ്പതികൾ കൊലപ്പെടുത്തിയിരുന്നു. മാധവ്ദാസിന്റെ സഹോദരന്റെ ഭാര്യ ഭാരതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭഗവതി എന്ന സ്ത്രീയേയും ടി ബി ബാധിച്ചതോടെ ദമ്പതികൾ കൊലപ്പെടുത്തിയിരുന്നു. 2022 ഫെബ്രുവരി25നായിരുന്നു ഇത്. മാധവ്ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാര്യ ഊർമ്മിളയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാധവ്‌‌ദാസിനെതിരെ പോലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button