24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; പരപ്പനങ്ങാടിയിൽ പൊതുദർശനം
Uncategorized

മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; പരപ്പനങ്ങാടിയിൽ പൊതുദർശനം


മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് എത്തിച്ച് പൊതുദർശനത്തിനു വയ്ക്കും. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. ദുരന്തത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു.

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് തിരച്ചിൽ തുടരുന്നു. എൻഡിആർഎഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയും എത്തി. കോസ്റ്റ്ഗാർഡിന്റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന.

ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു.

താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

Related posts

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യും

Aswathi Kottiyoor

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

Aswathi Kottiyoor

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

Aswathi Kottiyoor
WordPress Image Lightbox