‘കോൺഗ്രസും ബിജെപിയും ജനങ്ങളെ വഞ്ചിച്ചു’; കർഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കരുതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

താനൊരു മലയോര കർഷക കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് ഡോ. ജോൺബ്രിട്ടാസ് എം പി. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയിൽ ഇ എസ് എ നിയമവുമായി ബന്ധപ്പെട്ട സിപിഐഎം രാപകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ എസ് എ നിയമത്തെ കോൺഗ്രസും ബിജെപിയും ഒരുമിച്ചു ചേർന്ന് പിന്താങ്ങുകയാണെന്നും ജോൺബ്രിട്ടാസ് എം പി വിമർശിച്ചു.കോൺഗ്രസും ബിജെപിയും ജനങ്ങളെ മാറി മാറി വഞ്ചിച്ചു. കാട്ടുപന്നിയെ കൊന്നു കഴിഞ്ഞാൽ കടുവയ്ക്ക് ഭക്ഷണം ലഭിക്കില്ല എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. കർഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കരുത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വന്യജീവി കോൺക്ലേവ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് രാപ്പകൽ സമരത്തിന്റെ പ്രധാന ആവശ്യം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമരവേദിയിൽ ഉയരുന്നത്. ഇഎസ്എ പ്രശ്നം അനുഭവപ്പെടുന്ന മറ്റു നിരവധി പ്രദേശങ്ങൾ കേരളത്തിലുണ്ടായിട്ടും, തിരുവമ്പാടിയെ മാത്രം കേന്ദ്രീകരിച്ച് നീക്കങ്ങൾ നടത്തുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം ആരോപിക്കുന്നു.




