ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന രണ്ടാംനഗരമായി കൊച്ചിയുണ്ടായിട്ടും കേന്ദ്രസർക്കാരിൽനിന്ന് കേരളത്തിന് അവഗണനമാത്രം. വന്ദേഭാരത് എക്‌സ്‌പ്രസ് അനുവദിക്കുന്നതുമുതൽ പുതിയ പാതകളുടെ കാര്യത്തിൽവരെഇത് വ്യക്തം. ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ 25 സ്‌റ്റേഷനുകളിൽ പത്തെണ്ണവും കേരളത്തിലേതാണ്.
2022–-23 സാമ്പത്തികവർഷത്തിൽ എറണാകുളം ജങ്‌ഷൻ സ്‌റ്റേഷനിൽനിന്നുള്ള വരുമാനം 193.34 കോടിയാണ്. എറണാകുളം ടൗണിലേതാകട്ടെ 91.91 കോടിയും. ആലുവയിൽ 73.88 കോടി വരുമാനമുണ്ട്. ആകെ 359.13 കോടി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 205.81 കോടി, കൊച്ചുവേളിയിൽ 41.10 കോടി എന്നിങ്ങനെയും വരുമാനമുണ്ടായി. ഒന്നാംസ്ഥാനത്തുള്ള ചെന്നൈയുടെ ആകെ വരുമാനം 1848.92 കോടിയാണ്. ചെന്നൈ സെൻട്രൽ 1085.06, ചെന്നൈ എഗ്‌മോർ 525.96, താംബരം 182.68, പെരമ്പൂർ 55.20 കോടി എന്നിങ്ങനെയാണിത്
എന്നാൽ, വരുമാനത്തിന് അനുസൃതമായ റെയിൽവികസനം സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ വിമുഖത തുടരുകയാണ്. വന്ദേഭാരത് അനുവദിക്കണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തോടും കേന്ദ്ര റെയിൽമന്ത്രാലയം പലവട്ടം മുഖംതിരിച്ചു. ഏറ്റവും ഒടുവിൽ അനുവദിക്കാൻ നിർബന്ധിതരായി. പുതിയ പാതകൾക്കായി 2023–-24ലെ ബജറ്റിൽ 31,850 കോടി അനുവദിച്ചപ്പോൾ സംസ്ഥാനത്തിന് കിട്ടിയത് 100.25 കോടിമാത്രവും. പാത ഇരട്ടിപ്പിക്കലിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ആകെ അനുവദിച്ച 30,749 കോടിയിൽ കേരളത്തിന് 193 കോടിമാത്രം. കേരളത്തെ തുടർച്ചയായി അവഗണിക്കുന്നതിൽ യാത്രക്കാരുൾപ്പെടെ കടുത്ത പ്രതിഷേധത്തിലാണ്.