24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സൈനികരുടെ വീരമൃത്യു: ഭീകരർക്കായി തിരച്ചിൽ; അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും
Uncategorized

സൈനികരുടെ വീരമൃത്യു: ഭീകരർക്കായി തിരച്ചിൽ; അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും


ജമ്മു/ ന്യൂഡൽഹി ∙ പൂഞ്ചിലെ ഭിംബർ ഗലിയിൽ 5 സൈനികരെ വധിച്ച ഭീകരർക്കായി വ്യാപക തിരച്ചിൽ. കരസേനയ്ക്കു പുറമേ അതിർത്തി രക്ഷാസേന (ബിഎസ്എഫ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കശ്മീർ പൊലീസ് എന്നിവരും രംഗത്തുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. സേനാ നായ്ക്കളും സജീവമായി പങ്കെടുക്കുന്നു. വരും ദിവസങ്ങളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും.

വീരമൃത്യു വരിച്ച ഹവിൽദാർ മൻദീപ് സിങ്, ലാൻസ് നായിക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ്, സിപോയ്മാരായ ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരുടെ സംസ്കാരം പൂർണ സേനാ ബഹുമതികളോടെ നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിൾസ് ആന്റി ഫാഷിസ്റ്റ് ഫ്രണ്ട് എന്ന ചെറു സംഘടന ഏറ്റെടുത്തിട്ടുണ്ടെങ്കിലും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകൾക്ക് ഇതിൽ പങ്കുണ്ടെന്നാണ് നിഗമനം.

ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യംചെയ്തു. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമായിരുന്നു ആക്രമണമെന്ന സൂചന ലഭിച്ചിട്ടുണ്ട്. 3– 4 ഭീകരരാണു സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. മലനിരകൾ നിറഞ്ഞ പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം സമീപമുള്ള വനത്തിലേക്ക് ഇവർ രക്ഷപ്പെട്ടതായാണു നിഗമനം.

ബുള്ളറ്റ് പ്രൂഫ് കവചം തുളച്ചു കയറാൻ കെൽപുള്ള സ്റ്റീൽ കോർ ബുള്ളറ്റുകളാണു ഭീകരർ ഉപയോഗിച്ചത്. സേനാ വാഹനത്തിനു നേർക്കുള്ള ആക്രമണത്തിൽ 3 സൈനികർ വെടിയേറ്റാണു മരിച്ചത്. 2 പേർ വാഹനത്തിനു തീപിടിച്ചും. 2017 ഡിസംബറിൽ പാംപോറിലെ സിആർപിഎഫ് ക്യാംപിനു നേർക്കു നടത്തിയ ആക്രമണത്തിലാണ് ഭീകരർ ആദ്യമായി ഇത്തരം ബുള്ളറ്റുകൾ ഉപയോഗിച്ചത്.

ഈദ് ആഘോഷം ഒഴിവാക്കി ഗ്രാമം

സൈനികരുടെ വീരമൃത്യുവിനെ തുടർന്ന് പൂഞ്ച് ജില്ലയിലെ സംഗിയോട് ഗ്രാമം ഈദുൽ ഫിത്ർ ആഘോഷം ഒഴിവാക്കി. അതിർത്തിക്കു സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്നവർക്ക് ഈദ് ആഘോഷിക്കാൻ പഴങ്ങളും മധുര പലഹാരങ്ങളുമായി പോയപ്പോഴാണ് സൈനികർ ആക്രമണത്തിനിരയായത്. ഗ്രാമവാസികൾക്കായി വലിയ ആഘോഷമാണ് ഒരുക്കിയിരുന്നത്. ആക്രമണ വാർത്തയറിഞ്ഞതിനു പിന്നാലെ സേനാംഗങ്ങൾക്കുള്ള ആദരസൂചകമായി ആഘോഷമൊഴിവാക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു.

Related posts

ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണം; നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം

Aswathi Kottiyoor

വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് ലക്ഷണങ്ങൾ; പരിശോധനാഫലം ഇന്ന്

Aswathi Kottiyoor

മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox