23 C
Iritty, IN
February 28, 2024
  • Home
  • Uncategorized
  • എഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയെന്ന് ആരോപണം; പ്രതികരിക്കാതെ സർ‌ക്കാർ
Uncategorized

എഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയെന്ന് ആരോപണം; പ്രതികരിക്കാതെ സർ‌ക്കാർ


തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ 232 കോടി രൂപ ചെലവിൽ കെൽട്രോൺ വഴി സ്ഥാപിച്ച എഐ ക്യാമറ പദ്ധതി വിവാദത്തിൽ. ക്യാമറ സ്ഥാപിക്കൽ പദ്ധതിയിലെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വസ്തുതകൾ പുറത്തുവിടുന്നില്ലെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം മുന്നോട്ടു വന്നത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ‌ ഒട്ടേറെപ്പേർ പദ്ധതിയിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തി.

ആരോപണങ്ങളോട് സർ‌ക്കാർ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, പദ്ധതി സംബന്ധിച്ച എന്തു രേഖകളും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ തയാറാണെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. എഐ ക്യാമറയല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന വിമർശനത്തിൽ കാര്യമില്ലെന്നും ക്യാമറയും സോഫ്റ്റ്‌വെയറും മറ്റ് ഉപകരണങ്ങളുമടക്കമാണ് എഐ സംവിധാനമായി പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

ഉയരുന്ന ചോദ്യങ്ങൾ

∙ എഐ ക്യാമറ വയ്ക്കാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ടോ? എങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തു?

∙ പദ്ധതിയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എന്താണ്? അവരുടെ ലാഭവിഹിതം എത്ര?

∙ നിർമിതബുദ്ധി പ്രകാരം ആണ് ക്യാമറ പ്രവർത്തിക്കുന്നത് എന്നു ഗതാഗത വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഗതാഗത ലംഘനങ്ങൾ കണ്ടെത്തുന്നതിന് മുൻപു സ്ഥാപിച്ച അതേ ക്യാമറകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. എങ്കിൽ എഐ ക്യാമറ എന്ന പ്രചാരണം എന്തിനു വേണ്ടി?

∙ സർക്കാരിന്റെ പദ്ധതികളുടെ കരാർ നേടിയെടുക്കുകയും ഇവ സ്വകാര്യ കമ്പനികൾ‌ക്കു മറിച്ചു നൽകുകയും ചെയ്യുന്ന കെൽട്രോണിനെ എന്തിനു കരാർ ഏൽപിച്ചു? ഇത് സർക്കാരിന് അധികച്ചെലവല്ലേ സൃഷ്ടിക്കുക?

∙ നിയമലംഘനത്തിന്റെ ഓരോ ചിത്രവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നെങ്കിൽ എഐ സംവിധാനത്തിന്റെ ആവശ്യമെന്താണ്?

∙ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ കെൽട്രോണും സർക്കാരും മടിക്കുന്നതെന്തിനാണ്?

ഞങ്ങളുടെ പദ്ധതി; ഉപകരാറുകളില്ല: കെൽട്രോൺ

എഐ ക്യാമറ പദ്ധതി തങ്ങളുടെ സ്വന്തം പദ്ധതിയാണെന്നും ക്യാമറ അടക്കമുള്ളവ സ്വന്തം ഫാക്ടറിയിൽ‌ തന്നെയാണു നിർമിക്കുന്നതെന്നും കെൽട്രോൺ. ക്യാമറ നിർമാണം, അവ ഘടിപ്പിക്കൽ, 12 കൺട്രോൾ‌ റൂമുകളും ആസ്ഥാന കൺട്രോൾ റൂമും സ്ഥാപിക്കൽ, 5 വർഷത്തേക്ക് ഇവയുടെ പരിപാലനം എന്നിവയെല്ലാം ചെയ്യുന്നത് കെൽട്രോൺ‌ നേരിട്ടാണ്. റഡാർ, എഐ സോഫ്റ്റ്‌വെയർ തുടങ്ങിയവ രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികളിൽ നിന്നു സർ‌ക്കാർ ടെൻഡർ നടപടിക്രമം പാലിച്ചു വാങ്ങിയിട്ടുണ്ട്. ഇതുവരെ പദ്ധതിക്കു വേണ്ടി സർക്കാർ പണം നൽകിയിട്ടില്ല.

കരാർ പ്രകാരം 232 കോടി രൂപ 20 തവണകളായാണ് നൽകുക. ഏതെങ്കിലും ഉപകരണം പ്രവർ‌ത്തിക്കുന്നില്ലെങ്കിൽ‌ സർക്കാർ നൽകേണ്ട പണം വെട്ടിക്കുറയ്ക്കും. കെൽട്രോണിനുള്ളത് 5% ലാഭം മാത്രമാണ്. ആദ്യ 5 വർഷം കഴിഞ്ഞാൽ നിശ്ചിത പ്രതിഫലം വാങ്ങി 5 വർഷം കൂടി കെൽ‌ട്രോൺ‌ ഇൗ ഉപകരണങ്ങൾ പരിപാലിക്കും. ക്യാമറയ്ക്കു 30 ലക്ഷം രൂപയാണു വിലയെന്നതു തെറ്റായ പ്രചാരണമാണ്.

ക്യാമറ, മിനി സൂപ്പർ കംപ്യൂട്ടർ, എഐ സോഫ്റ്റ്‌വെയർ, ഇന്റർനെറ്റ്, റഡാർ, 13 കൺട്രോൾ റൂമുകൾ, അവിടത്തെ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളെല്ലാം കെൽട്രോണാണ് വഹിക്കേണ്ടത്. വായ്പയെടുത്താണ് പദ്ധതി കെൽട്രോൺ നടപ്പാക്കുന്നത്. നിയമലംഘനങ്ങൾക്കുള്ള പിഴ ഉദ്യോഗസ്ഥർ തന്നെ ചുമത്തണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് എഐ വഴി കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടി വരുന്നതെന്നും കെൽട്രോൺ വ്യക്തമാക്കി.

Related posts

കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Aswathi Kottiyoor

സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം; പഴയവ കൈവശം വയ്‌ക്കാം.

Aswathi Kottiyoor

കുടകിൽ തോട്ടം ഉടമയായ വനിതയും രണ്ട് പെൺമക്കളും മുങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox