23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വന്ദേഭാരതിൽ പോയാൽ 2 ദിവസം കൊണ്ട് എത്തുമോ? അപ്പം കേടാവും: മറുപടിയുമായി ഗോവിന്ദൻ
Uncategorized

വന്ദേഭാരതിൽ പോയാൽ 2 ദിവസം കൊണ്ട് എത്തുമോ? അപ്പം കേടാവും: മറുപടിയുമായി ഗോവിന്ദൻ


തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്, സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന സിൽവർലൈന് ബദലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൂലധന നിക്ഷേപത്തിന് കടം വാങ്ങാം. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവുമെന്നും, അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്നും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിന്റെ പരിഹാസത്തിന് മറുപടിയായി ഗോവിന്ദന്‍ വ്യക്തമാക്കി. അപ്പവുമായി ബന്ധപ്പെട്ട തന്റെ പരാമർശം അദ്ദേഹം ഒന്നുകൂടി വിശദീകരിക്കുകയും ചെയ്തു.

‘‘അപ്പവുമായി കുടുംബശ്രീ യൂണിറ്റിന്റെ രണ്ട് അമ്മമാർ രാവിലെ പുറപ്പെടുന്നു. എന്നിട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂർ കൊണ്ട് എത്തുന്നു. അവിടെയെത്തി അപ്പവും വിറ്റ് നേരെ തിരിച്ചുപോരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ടു പോകുന്ന അവർക്ക് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിക്കാം. ഇതാണ് ഞാൻ പറഞ്ഞതിന്റെ അർഥം.

ഇതൊക്കെ ജഡ്ജിക്കും ഉയർന്ന ഉദ്യോഗസ്ഥൻമാർക്കും വക്കീലൻമാർക്കും മാത്രമേ പറ്റൂ എന്നാണ് നിങ്ങൾ ധരിച്ചുവച്ചത്. അവിടെ ബോധപൂർവം തന്നെയാണ് ഞാൻ കുടുംബശ്രീയെ ഉദാഹരിച്ചത്. അതിൽത്തന്നെ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. വന്ദേഭാരതിൽ കയറി അപ്പവുമായി പോയാൽ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ? അപ്പോപ്പിന്നെ അപ്പമുണ്ടാകുമോ? അതോടെ അപ്പം പോയില്ലേ? കുടുംബശ്രീയുടെ അപ്പവുമായി കെ റെയിലിൽത്തന്നെ പോകും. അതിലേക്ക് എത്തിക്കാനാണ് ശ്രമം.

സിൽവർലൈൻ പദ്ധതി പ്രകാരം 20 മിനിറ്റിൽ ഒരു ട്രെയിനാണ് ഉദ്ദേശിക്കുന്നത്. ഇത് ഒരു ദിവസത്തേക്ക് ഒരു ട്രെയിൻ ഓടിച്ചിട്ട് അത് ഇതിനു പകരമാകുമെന്നു പറഞ്ഞാൽ പകരമാകുമോ? ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ കേരളത്തിന് അനിവാര്യമാണ്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയോട് അയിത്തം ഉണ്ടാകണമെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേതാവിനോട് ഐക്യം പ്രഖ്യാപിക്കുന്നു എന്ന് പറയണ്ട വല്ല കാര്യവുമുണ്ടോയെന്നു ചോദിച്ച ഗോവിന്ദൻ, ആരെങ്കിലും അങ്ങനെ ധരിക്കുന്നുണ്ടെങ്കിൽ അതല്ലേ തെറ്റെന്നും ചൂണ്ടിക്കാട്ടി. ആർഎസ്എസ് – ബിജെപി സംവിധാനത്തിന്റെ ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷ ഉള്ളടക്കമുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അത് ഇന്ത്യയിലാകെ ശക്തിപ്പെട്ട് മുന്നോട്ടു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് കേന്ദ്രസർക്കാർ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സന്തോഷിക്കാമെന്ന് പരിഹസിച്ച് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവന.

Related posts

ഐഎസ്‌ കേരളത്തിൽ ഭീകരാക്രമണത്തിന്‌ 
പദ്ധതിയിട്ടിരുന്നതായി എൻഐഎ

Aswathi Kottiyoor

വയനാട് വാകേരിയിൽ വീണ്ടും കടുവ സാന്നിധ്യം; ആടിനെ കൊന്നു

Aswathi Kottiyoor

സ്വകാര്യ ഭാഗത്ത് വേദനയെന്ന് അമ്മ കുളിപ്പിച്ചപ്പോൾ 7 വയസുകാരി; തേങ്ങയിടാൻ വന്നയാൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox