24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജലസേചന വകുപ്പിൽ 4 സുപ്രധാന സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു
Uncategorized

ജലസേചന വകുപ്പിൽ 4 സുപ്രധാന സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു


കൊല്ലം ∙ ജലസേചന വകുപ്പിൽ ആകെയുള്ള 6 ചീഫ് എൻജിനീയർമാരിൽ വകുപ്പു തലവൻ ഉൾപ്പെടെ 4 സുപ്രധാന കസേരകൾ ഒരു വർഷവും അതിലേറെയുമായി ഒഴിഞ്ഞു കിടക്കുന്നു. ഭരണപരമായ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സൂപ്രണ്ടിങ് എൻജിനീയർമാർക്കു ചീഫ് എൻജിനീയറുടെ അധികച്ചുമതല നൽകിയിട്ടുണ്ടെങ്കിലും സുപ്രധാന ഉദ്യോഗസ്ഥരുടെ അഭാവം വകുപ്പിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

വകുപ്പു തലവൻ എന്നറിയപ്പെടുന്ന ജലസേചനവും ഭരണവും വിഭാഗം ചീഫ് എൻജിനീയർക്കു പുറമേ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ് (ഐഡിആർബി), കല്ലട, ഇടമലയാർ, മൂവാറ്റുപുഴ വാലി, നെയ്യാർഡാം ഉൾപ്പെടെയുള്ള പദ്ധതികളുടെ ചുമതലയുള്ള പ്രോജക്ട്–2, മെക്കാനിക്കൽ വിഭാഗം എന്നീ തസ്തികകളിലാണു ചീഫ് എൻജിനീയർമാർ ഇല്ലാത്തത്.

വകുപ്പു തലവന്റെ തസ്തിക കഴിഞ്ഞ ജൂൺ മുതൽ ഒഴിഞ്ഞു കിടക്കുന്നു. ഐഡിആർബിയിൽ കഴിഞ്ഞ വർഷം ജനുവരി മുതലും പ്രോജക്ട് രണ്ടിൽ കഴിഞ്ഞ മേയ് മുതലും മുഴുവൻ സമയ ചീഫ് എൻജിനീയർ ഇല്ല. പ്രോജക്ട്– ഒന്ന്, കുട്ടനാട് പദ്ധതി എന്നിവിടങ്ങളിൽ മാത്രമാണു ചീഫ് എൻജിനീയർമാരുള്ളത്. മുഴുവൻ സമയ വകുപ്പുമേധാവി ഇല്ലാതായതു മുല്ലപ്പെരിയാർ ഉൾപ്പെടെ അന്തർ സംസ്ഥാന നദീജല തർക്ക വിഷയം കൈകാര്യം ചെയ്യുന്നതിനെ ഉൾപ്പെടെ ബാധിച്ചതായും ആരോപണമുണ്ട്.

സൂപ്രണ്ടിങ് എൻജിനീയർ തസ്തികയിൽ സീനിയർ ആയവരെയാണ് ഒഴിവുള്ള ചീഫ് എൻജിനീയർ തസ്തികകളിൽ നിയമിക്കേണ്ടത്. ഇത്തരത്തിൽ ചീഫ് എൻജിനീയർ സ്ഥാനത്തേക്കു സ്ഥാനക്കയറ്റം ലഭിക്കേണ്ട നാലിൽ 3 പേരും പട്ടിക വർഗ വിഭാഗത്തിൽപെട്ടവരാണെന്നും അവരെ ഒഴിവാക്കി സർക്കാരിനു താൽപര്യമുള്ളവരെ നിയമിക്കാനാണു വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. സൂപ്രണ്ടിങ് എൻജിനീയർമാരുടെ സ്ഥാനക്കയറ്റം വൈകുന്നതോടെ തൊട്ടുതാഴെയുള്ള എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ തുടങ്ങിയവരുടെ സ്ഥാനക്കയറ്റവും ത്രിശങ്കുവിലായി.

Related posts

‘കളക്ടറേ വിളിക്കൂ, ഇല്ലേൽ വീട് മൊത്തം കത്തിക്കും’; ഒന്നൊന്നര മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു, ഒടുവിൽ…

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്നു

Aswathi Kottiyoor

ബോധവല്‍ക്കരണത്തിനെന്ന പേരില്‍ ‘പിഴ ചുമത്തല്‍’ നീട്ടിയത് ഒരുക്കം പൂർത്തിയാകാത്തതിനാൽ?; വിവാദം

Aswathi Kottiyoor
WordPress Image Lightbox