27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പാർട്ടി താക്കീത് അവഗണിച്ച് നിരാഹാരം; സച്ചിൻ പൈലറ്റ് കോൺഗ്രസിനു പുറത്തേക്കോ?
Uncategorized

പാർട്ടി താക്കീത് അവഗണിച്ച് നിരാഹാരം; സച്ചിൻ പൈലറ്റ് കോൺഗ്രസിനു പുറത്തേക്കോ?


ന്യൂഡൽഹി ∙ പാർട്ടി വിരുദ്ധമാകുമെന്ന താക്കീത് അവഗണിച്ചു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ യുവനേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് നിരാഹാരമിരുന്നു. ജയ്പുരിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ഏകദിന നിരാഹാരത്തിൽ സച്ചിനു പിന്തുണയുമായി അനുയായികളുമെത്തി. ബിജെപിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സച്ചിനും കൂട്ടരും പ്രതിഷേധമിരുന്നത്. ഈ വർഷമവസാനം സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഗെലോട്ടും പൈലറ്റും തമ്മിൽ പോരു മൂർഛിക്കുന്നത് ആശങ്കയോടെയാണു കോൺഗ്രസ് കാണുന്നത്.

പാർട്ടിയുടെ ബാനറോ ചിഹ്നമോ പശ്ചാത്തലത്തിൽ ഉപയോഗിക്കാതെയായിരുന്നു സച്ചിന്റെ പ്രതിഷേധമെന്നതും ശ്രദ്ധേയമായി. ഗാന്ധി ചിത്രവും ബിജെപി മുൻ മുഖ്യമന്ത്രി വസുന്ധരെ രാജെയ്ക്കെതിരായ അഴിമതി ആരോപണങ്ങളുമായിരുന്നു നിരാഹാര വേദിയിലുണ്ടായിരുന്നത്. നിലവിൽ എംഎൽഎമാരോ മന്ത്രിമാരോ ആയ ആരും സച്ചിനു പിന്തുണയുമായി എത്തിയില്ല.
അതേസമയം, സച്ചിൻ നിരാഹാരം ആരംഭിച്ചതിനു പിന്നാലെ സർക്കാർ നടത്തിയ ജനക്ഷേമ പരിപാടികൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണു മുഖ്യമന്ത്രി ഗെലോട്ട് പ്രതികരിച്ചത്. പരസ്യനീക്കം വീണ്ടും സജീവമാക്കിയ പൈലറ്റിനെതിരെ നേരിട്ടുള്ള നടപടിക്കു കോൺഗ്രസ് തയാറായിട്ടില്ലെങ്കിലും നിരാഹാരം പാർട്ടി വിരുദ്ധമാകുമെന്ന മുന്നറിയിപ്പു നൽകിയിരുന്നു.

അശോക് ഗെലോട്ടുമായുള്ള അഭിപ്രായ ഭിന്നതയ്ക്കിടെ ഒരുഘട്ടത്തിൽ പാർട്ടി വിടുന്നതിന്റെ വക്കിലെത്തിയ സച്ചിൻ പൈലറ്റ് വീണ്ടും പോരു കടുപ്പിച്ചതും നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതും പാർട്ടി വിടുന്നതിലേക്കു നയിക്കുമോയെന്നതു കോ‍ൺഗ്രസ് വൃത്തങ്ങളിൽ ചർച്ചയാണ്. ഒരു ബിജെപി നേതാവും ബിജെപി പക്ഷത്തുള്ള ഒരു സ്വതന്ത്ര എംപിയും പൈലറ്റുമായി ചർച്ചയിലാണെന്ന അഭ്യൂഹവും ശക്തമാണ്. എന്നാൽ ഗെലോട്ടിന്റെ നിലപാടുകളോടു മാത്രമാണ് ഭിന്നത എന്ന നിലയിലാണ് ഇന്നലെയും പൈലറ്റ് പ്രതികരിച്ചത്. അതേസമയം, സച്ചിനെ ബിജെപിയിലേക്ക് എത്തിക്കുന്നതിനോടു ബിജെപിയിൽ വസുന്ധരെ രാജെ പക്ഷത്തിനു യോജിപ്പില്ലെന്ന തരത്തിൽ റിപ്പോർട്ടുകളുമുണ്ട്.

Related posts

മാനന്തവാടി ജീപ്പ്‌ അപകടം: ധനസഹായം ഉടൻ

Aswathi Kottiyoor

കുടുംബശ്രീ ഇൻഷുറൻസ് ; 11.28 ലക്ഷം പേർക്ക്‌ സുരക്ഷ , വാർഷിക പ്രീമിയം 174 രൂപമാത്രം.

‘എല്ലാ സഹായങ്ങളും നൽകും’; പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox