24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പിഎസ്‌സി പ്രിലിമിനറി പരീക്ഷണം പാളി; 3, 5 ഘട്ടങ്ങളിലുള്ളവർ കൂട്ടത്തോടെ പുറത്ത്
Uncategorized

പിഎസ്‌സി പ്രിലിമിനറി പരീക്ഷണം പാളി; 3, 5 ഘട്ടങ്ങളിലുള്ളവർ കൂട്ടത്തോടെ പുറത്ത്


കോഴിക്കോട് ∙ ഒരു പരീക്ഷ പല ഘട്ടങ്ങളിലായി നടത്തുന്ന പബ്ലിക് സർവീസ് കമ്മിഷന്റെ പരീക്ഷണം ഉദ്യോഗാർഥികൾക്കു തിരിച്ചടിയായി. പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്ക് 6 ഘട്ടങ്ങളിലായി നടത്തിയ പ്രിലിമിനറി പരീക്ഷയിൽ 3, 5 ഘട്ടങ്ങളിലുള്ളവർ കൂട്ടത്തോടെ പുറത്തായതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മറ്റു നാലു ഘട്ടങ്ങളെ അപേക്ഷിച്ച് ഏറെ കടുപ്പമുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നവരാണിത്.
കഴിഞ്ഞവർഷം മേയ് മുതൽ ജൂലൈ വരെയായിരുന്നു പരീക്ഷകൾ. ഇതിൽ നിശ്ചിത കട്ട്ഓഫ് മാർക്ക് ലഭിക്കുന്നവരാണ് മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടുന്നത്. ബവ്റിജസ് കോർപറേഷൻ (ബവ്കോ) എൽഡി ക്ലാർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷ എഴുതാൻ യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു തസ്തികകളിലേക്കും ഏറ്റവും കുറച്ചുപേർ യോഗ്യത നേടിയത് അഞ്ചാം ഘട്ടത്തിൽനിന്നാണ്; അതു കഴിഞ്ഞാൽ ഏറ്റവും കുറച്ചുപേർ യോഗ്യത നേടിയത് മൂന്നാം ഘട്ടത്തിൽനിന്നും.

മൂന്നു തസ്തികയിലും ഏറ്റവും കൂടുതൽ പേർ യോഗ്യത നേടിയതു നാലാം ഘട്ടത്തിൽനിന്നാണ്. ഇതിന്റെ പകുതിയോളം പേർ മാത്രമേ അഞ്ചാം ഘട്ടത്തിൽനിന്നു യോഗ്യത നേടിയുള്ളൂ. ഒരേ പരീക്ഷയിൽ തുല്യനീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.

12 ലക്ഷം അപേക്ഷകരുണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് പ്രിലിമിനറി പരീക്ഷ പിഎസ്‌സി 6 ഘട്ടങ്ങളായി നടത്തിയത്. എല്ലാ ഘട്ടങ്ങളിലും ഒരേ നിലവാരമുള്ള ചോദ്യങ്ങളല്ല വന്നതെന്ന് അന്നേ പരാതി ഉയർന്നു. ഉദ്യോഗാർഥികൾ കൂട്ടത്തോടെ പുറത്താകുമെന്നു ചൂണ്ടിക്കാട്ടി 2022 ജൂലൈ നാലിന് ‘പരീക്ഷ ഒന്ന്; നിലവാരം പലത്’ എന്ന തലക്കെട്ടിൽ മലയാള മനോരമ ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതു വെറും ആശങ്കയാണെന്നും മാർക്ക് ഏകീകരണം നടത്തുമ്പോൾ എല്ലാ ഘട്ടങ്ങളിലുമുള്ള ഉദ്യോഗാർഥികൾക്കു തുല്യ അവസരം ലഭിക്കുമെന്നുമായിരുന്നു അന്നത്തെ പിഎസ്‌സി ചെയർമാൻ എം.കെ.സക്കീറിന്റെ വിശദീകരണം. ഈ വാദം തെറ്റായിരുന്നുവെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.

സമാന യോഗ്യതയുള്ള എല്ലാ തസ്തികകൾക്കും കൂടി ഒറ്റ പ്രിലിമിനറി പരീക്ഷ, അതിൽനിന്നു യോഗ്യത നേടുന്നവർക്കു മെയിൻ പരീക്ഷ എന്ന രീതി 2 വർഷം മുൻപാണു നടപ്പാക്കിയത്. 2 വർഷവും മാർക്ക് ഏകീകരണം കൃത്യമായി നടന്നില്ലെന്ന് നേരത്തേ തന്നെ ആരോപണമുണ്ട്.മുൻപ് ഏതെങ്കിലുമൊരു തസ്തികയിലേക്കുള്ള പരീക്ഷയിൽ വിജയിച്ചില്ലെങ്കിലും മറ്റു തസ്തികകളിലേക്കു പരീക്ഷ എഴുതാമായിരുന്നു. പുതിയ രീതി വന്നതോടെ ആ അവസരം നഷ്ടമായി.

Related posts

കേളകം ടൗൺ സൗന്ദര്യവൽക്കരണം ; ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

Aswathi Kottiyoor

മനം നിറച്ച് മനു! പാരീസില്‍ ആദ്യ മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ, ഷൂട്ടിംഗില്‍ വെങ്കലം

Aswathi Kottiyoor

ഫണ്ട് ഏറ്റ് വാങ്ങി

Aswathi Kottiyoor
WordPress Image Lightbox