ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ മുങ്ങി മരിച്ച ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ്, മകൻ ആറു വയസ്സുകാരൻ നെബിൻ ജോസ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. മകന്റെയും ഭർത്താവിന്റെയും ചേതനയറ്റ ശരീരങ്ങൾക്ക് മുന്നിൽ സ്റ്റെഫീനയുടെ നെഞ്ച് നീറിയുള്ള കരച്ചിൽ കണ്ട് നിന്നവരെയും കണ്ണീരണിയിച്ചു. സംഭവം അറിഞ്ഞ് വിദേശത്തായിരുന്ന സ്റ്റെഫീന ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഇരട്ടത്തോട് ബാവലിപ്പുഴയിൽ അതിദാരുണ സംഭവം ഉണ്ടായത്. വേനലവധി ആരംഭിച്ചതിന്റെ ആഹ്ലാദത്തിൽ കുട്ടികൾ ലിജോയ്‌ക്കൊപ്പം പുഴയിലെത്തിയതായിരുന്നു. മകൻ നെബിനെ ചുമലിലിരുത്തി പുഴയുടെ നടുവിലേക്ക് കുളിക്കാൻ ലിജോ നടന്നു പോകുന്നതിനിടെയാണ് അപകടം. ശനിയാഴ്ച പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറു കണക്കിനാളുകളാണ് അന്ത്യോമപചാരം അർപ്പിക്കാനായി എത്തിയത്. സണ്ണി ജോസഫ് എംഎൽഎ, കൊട്ടിയൂർ, കേളകം പഞ്ചായത്ത് പ്രസിഡന്റുമാരായ റോയ് നമ്പുടാകം,സി.ടി. അനീഷ്, സിപിഎം നേതാവ് അഡ്വ. കെ.ജെ. ജോസഫ്, ചുങ്കക്കുന്ന് ഫാത്തിമമാതാ പള്ളി വികാരി ജോയ് തുരുത്തേൽ, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ആളുകൾ തുടങ്ങി നാനാ തുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഒറ്റപ്ലാവ് അൾഫോൺസ പള്ളി വികാരി വിനോദ് പ്ലാക്കാനിക്കുഴി, എറിക്കാ ഭവൻ വികാരി ഫാ. ഐഫെൻസ് തറപ്പേൽ സംസ്‌കാര കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഒറ്റപ്ലാവ് അൽഫോൺസാ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. ഇരിട്ടി എജെ ഗോൾഡ് ജീവനക്കാരനായിരുന്നു ലിജോ. നെബിൻ തലക്കാണി ഗവ യുപി സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയും.