മേഖലാ അദാലത്തുമായി വിദ്യാഭ്യാസ വകുപ്പ്

കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ ഓഫിസുകളില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്ന എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ നിയമനാംഗീകാരം, പെന്ഷന്, ഓഡിറ്റ്, തസ്തിക നിർണയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളില്‍ സമയബന്ധിത നടപടികള്‍ സ്വീകരിച്ച് അടിയന്തരമായി തീര്‍പ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് മൂന്ന് അദാലത്തുകള്‍ നടത്തും. അദാലത്തില്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണമേഖലാ അദാലത്ത് 14ന് കോട്ടയത്ത് നടക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇവിടെയാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍,പാലക്കാട്, ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ അദാലത്ത് 18ന് തൃശൂരും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖലാ അദാലത്ത് 24ന് മലപ്പുറത്തും നടക്കും.




