27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ഹരിത ട്രൈബ്യൂണൽ
Uncategorized

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ഹരിത ട്രൈബ്യൂണൽ


കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ തുക കെട്ടിവയ്ക്കണം. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
തീ അണയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും പൂർണപരാജയമാണ്. മാലിന്യനിർമാർജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചെന്നും എൻജിടി അറിയിച്ചു. അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിശദമായ വാദം കേട്ടില്ലെന്നും അപ്പീൽ പോകുമെന്നും കൊച്ചി മേയർ അനിൽ കുമാർ അറിയിച്ചു. 100 കോടി രൂപ പിഴയടക്കാനുള്ള സാമ്പത്തികശേഷി കൊച്ചി കോർപറേഷനില്ല. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതടക്കമുള്ള എൻജിടിയുടെ നിർദേശങ്ങൾ പാലിക്കും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും മോശം ഭരണമാണ് ഈ സ്ഥിതിക്കു കാരണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഇന്നലെ വിമർശിച്ചിരുന്നു. വേണ്ടിവന്നാൽ 500 കോടി രൂപ പിഴ വിധിക്കുമെന്ന മുന്നറിയിപ്പും നൽകി. തീപിടിത്ത വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
കഴിഞ്ഞദിവസത്തെ രണ്ടംഗ ബെഞ്ചിനു പകരം ഇന്നലെ ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ തന്നെ നേരിട്ടു വിഷയം പരിഗണിച്ചു. വിശദീകരണം എന്തായാലും ഉത്തരവു പാസാക്കുമെന്നും വ്യക്തമാക്കി. കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തെന്നും ഇതനുസരിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ് വാദിച്ചെങ്കിലും ട്രൈബ്യൂണൽ വഴങ്ങിയില്ല. ഹൈക്കോടതി നടപടികളിൽ ഇടപെടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഈമാസം 13നു വൈകിട്ടോടെ തീയണച്ചെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പ്ലാന്റിലെ സ്ഥിതിയും തുടർനടപടികളും വിശദീകരിച്ചിട്ടുണ്ട്. പ്ലാന്റിലേക്ക് എത്തുന്ന ജൈവമാലിന്യത്തിന്റെ തോതു കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് അയയ്ക്കാതെ ക്ലീൻ കേരള കമ്പനി വഴി ശേഖരിക്കുക, അജൈവ മാലിന്യം വീടുകൾ തോറും ശേഖരിക്കുക, കനാലുകളിലെയും ജലാശയങ്ങളിലെയും മാലിന്യം നീക്കുക, അനധികൃതമായി മാലിന്യം തള്ളുന്നത് തടയുക, ഡിജിറ്റൽ നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതായി സത്യവാങ്മൂലത്തിലുണ്ട്. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കറും ഹാജരായിരുന്നു.

Related posts

മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

Aswathi Kottiyoor

സഞ്ജു നിരാശപ്പെടുത്തി, വിഷ്ണു വിനോദിന് വെടിക്കെട്ട് സെഞ്ചുറി! ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

Aswathi Kottiyoor

വനിത സംവരണ ബില്ല്; ലോക്സഭയിൽ ഇന്ന് ചർച്ച, സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കും.

Aswathi Kottiyoor
WordPress Image Lightbox