20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക മന്ത്രി
Kerala

അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക മന്ത്രി

കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

2021ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കരയിൽ ഭൂമി ഏറ്റെടുത്താണ് അഭയകേന്ദ്രം നിർമിക്കുക. ഇതിനുപുറമേ ടി.വി, സിനിമ കലാകാരന്മാർക്ക് വേണ്ടി നിലവിലുള്ള സർക്കാർ പദ്ധതികൾ ശക്തിപ്പെടുത്താനും ആലോചനയുണ്ട്.

സിനിമ, ടി.വി രംഗത്തുള്ള കലാകാരന്മാരിൽ 90 ശതമാനം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്, മന്ത്രി പറഞ്ഞു.

സിനിമാ രംഗത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. 70 കോടി ചെലവിട്ട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ ടൂറിസത്തിന് പ്രാമുഖ്യം നൽകി കേരളത്തെ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഒ.ടി.ടി കാലത്ത് പരിപാടികളുടെ ഗുണമേന്മ വർധിപ്പിക്കുന്ന കാര്യത്തിൽ ടി.വി ചാനലുകൾ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. അവാർഡുകൾ നിർണയിക്കാൻ കഴിയുന്ന തരത്തിലുള്ള നിലവാരം കുറയുന്നു എന്ന ആശങ്ക കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജൂറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തവണ മികച്ച സീരിയൽ, രണ്ടാമത്തെ സീരിയൽ എന്നിവയ്ക്ക് അവാർഡ് നൽകാൻ കഴിയാതെ വന്നത് ആ നിലവാരത്തിലുള്ള സൃഷ്ടിക്കൽ ഇല്ലാത്തതിനാലാണ്.

വെബ്ബ് സീരിയലുകളും ക്യാമ്പസ് ചിത്രങ്ങളും ഉൾപ്പെടെ, ചലച്ചിത്രം ഒഴികെയുള്ള എല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവന്ന് അവാർഡിനായി പരിഗണിക്കണമെന്ന ജൂറി നിർദേശം സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു.

സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ വിശ്വാസ്യത കുറയുന്നുണ്ടോ എന്ന് ചാനലുകൾ പരിശോധിക്കണം. മാധ്യമങ്ങൾക്ക് വിമർശിക്കാൻ അവകാശമുണ്ട്. എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ വാർത്താധിഷ്ഠിത പരിപാടികൾ എന്ന രീതിയിൽ വസ്തുതയില്ലായ്മ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന കാര്യം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ഏറ്റവും വലിയ ജനകീയ മാധ്യമമായി ടെലിവിഷൻ മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഥ, കഥേതരം, രചന വിഭാഗങ്ങളിലായി 55 പേരാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ 2021 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ഏറ്റുവാങ്ങിയത്. ഇതിൽ 43 വ്യക്തികളും സ്ഥാപനങ്ങളെ പ്രസിനിധീകരിച്ച് 12 പേരും സംസ്‌കാരിക മന്ത്രിയിൽ നിന്ന് അവാർഡുകൾ സ്വീകരിച്ചു.

അവാർഡ് ബുക്ക് മന്ത്രി ആന്റണി രാജു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാറിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ജൂറി ചെയർമാൻമാരായ സിദ്ധാർത്ഥ ശിവ, വിനു എബ്രഹാം, പ്രദീപ് കുമാർ ചൊക്ലി തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഇനിയും സജീവമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് അഞ്ച്‌ കിലോഗ്രാം വീതം സൗജന്യ അരി

Aswathi Kottiyoor
WordPress Image Lightbox