27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സാമ്പത്തികത്തട്ടിപ്പുകളിൽ വലഞ്ഞ് കേരളം
Kerala

സാമ്പത്തികത്തട്ടിപ്പുകളിൽ വലഞ്ഞ് കേരളം

കേരളത്തിൽ സാമ്പത്തിക തട്ടിപ്പുകൾ പെരുകാൻ കാരണം കേസെടുക്കുന്ന രീതിയിൽ പൊലീസ് കാട്ടുന്ന ജാഗ്രതക്കുറവെന്നു നിയമവിദഗ്ധർ. പ്രതികൾ സ്വാധീനമുള്ളവരാണെങ്കിൽ ആദ്യമെത്തുന്ന പരാതിയിൽ മാത്രം എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീടു വരുന്ന പരാതിക്കാരോട് ആദ്യത്തെ കേസിൽ സാക്ഷി ചേരാൻ നിർദേശിക്കുകയുമാണു പൊലീസ് ചെയ്യുക. പരാതി കൊടുത്തു എന്ന ആശ്വാസത്തിൽ ആവലാതിക്കാർ മടങ്ങുകയും ചെയ്യും.

പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആദ്യത്തെ പരാതിയിലെ അറസ്റ്റ് മാത്രമാവും ഉണ്ടാവുക. അതിൽ പരാമർശിച്ചിട്ടുള്ള തുക മാത്രമേ നിയമപരമായി നിലനിൽക്കൂ എന്നു പ്രതിഭാഗം വാദിക്കുന്നതോടെ വൻ തുകയുടെ തട്ടിപ്പ് ചെറിയൊരു തുകയിലേക്ക് ഒതുങ്ങും. അതോടെ കേസിന്റെ ബലം കുറഞ്ഞ് പ്രതികൾക്ക് എളുപ്പത്തിൽ പുറത്തിറങ്ങാൻ കഴിയുമെന്നു തട്ടിപ്പു കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായിട്ടുള്ള അഭിഭാഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. പരാതിയുമായി എത്തുന്നവരെ പലതവണ നടത്തിക്കുകയും ‘ആർത്തിമൂത്ത് പോയതല്ലേ’ എന്ന മട്ടിൽ ആക്ഷേപിക്കുകയും ചെയ്യും. അതിനു ശേഷമാണു സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുക.

ചിലയിടങ്ങളിൽ കേസുകളുടെ എണ്ണം കുറയ്ക്കാൻ വേണ്ടി പൊലീസ് ഇങ്ങനെ ചെയ്യുമ്പോൾ മറ്റു ചില സ്റ്റേഷനുകളിൽ പൊലീസും തട്ടിപ്പുകാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്. തട്ടിപ്പു തുകയുടെ ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടു കേസ് ദുർബലമാക്കുന്ന പൊലീസുകാരുമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക തട്ടിപ്പുകളിൽ പല സ്റ്റേഷനുകളിലായി ലഭിക്കുന്ന പരാതികൾ ചേർത്ത് ഒറ്റ കേസ് ആയി റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വന്ന ഹർജി (അനുഭവ് മിത്തൽ വേഴ്സസ് ഉത്തർപ്രദേശ് സർക്കാർ) 2022 നവംബറിൽ സുപ്രീം കോടതി തള്ളിയിരുന്നു. ഓരോ പരാതിക്കാരന്റെയും പരാതികൾ പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണെന്ന നിലപാടും കോടതി സ്വീകരിച്ചു. കേരളത്തിൽ അടുത്തിടെയുണ്ടായ മിക്ക സാമ്പത്തിക തട്ടിപ്പുകളിലും കേസുകളുടെ എണ്ണം കുറവും പരാതിക്കാർ സാക്ഷിപ്പട്ടികയിലുമാണ്.

ജാമ്യത്തിൽ പുറത്തിറങ്ങുന്ന തട്ടിപ്പുകാർ, മുൻപേ രഹസ്യമായി മാറ്റിയ തട്ടിപ്പു ഫണ്ട് ഉപയോഗിച്ചു വീണ്ടും ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങും. സമാനമായ ബിസിനസുകളിൽ ഏർപ്പെടരുത് എന്ന ജാമ്യവ്യവസ്ഥ ലംഘിക്കുന്നത് ആദ്യ കേസിൽ നിന്നു രക്ഷപ്പെട്ടതുമൂലമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Related posts

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടിയെടുക്കണം – മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

Aswathi Kottiyoor
WordPress Image Lightbox