27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമല വികസനം: പദ്ധതികൾ തയാറാക്കുന്നതിൽ പാളിച്ച; കേന്ദ്രം അനുവദിച്ച 80 കോടി പാഴാകുന്നു
Kerala

ശബരിമല വികസനം: പദ്ധതികൾ തയാറാക്കുന്നതിൽ പാളിച്ച; കേന്ദ്രം അനുവദിച്ച 80 കോടി പാഴാകുന്നു

കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ തീർഥാടന ടൂറിസം പദ്ധതിയിൽ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും പാഴാകുന്നു. ഇതുവരെ 20 കോടിയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിയത്. കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെ, അനുമതി വാങ്ങി നിർമാണം തുടങ്ങിയ പദ്ധതികളും പൂർത്തിയാക്കിയിട്ടില്ല.

2015 ഡിസംബറിലാണു കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിച്ചത്. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ ആദ്യഗഡുവായി 20 കോടി രൂപ നൽകി. എന്നാൽ, പദ്ധതികൾ തയാറാക്കി നൽകുന്നതിൽ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, ഉന്നതാധികാര സമിതി എന്നിവയ്ക്കു പറ്റിയ പാളിച്ചകളും വനം വകുപ്പുമായുള്ള തർക്കവും തിരിച്ചടിയായി. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ നിർമാണം നടത്തണമെന്ന കേന്ദ്ര നിർദേശം വന്നതോടെ വനം വകുപ്പ് പിടിമുറുക്കി. ഇതു വനഭൂമിയും ദേവസ്വം ഭൂമിയും തമ്മിലുള്ള അതിർത്തി തർക്കമായി മാറി. ഇതോടെ മാസ്റ്റർ പ്ലാൻ ലേഔട്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഹൈക്കോടതി ഇടപെട്ട് അഭിഭാഷക കമ്മിഷനെ നിയോഗിച്ച് ദേവസ്വം ഭൂമി അളന്നുതിരിച്ച് ജണ്ട സ്ഥാപിച്ചു. കമ്മിഷന്റെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ച് തർക്കത്തിനു പരിഹാരം ഉണ്ടാക്കി. എന്നിട്ടും ദേവസ്വം ബോർഡും ഉന്നതാധികാര സമിതിയും പദ്ധതി നടപ്പാക്കുന്നതിനു താൽപര്യം കാണിച്ചില്ല. ആദ്യ ഗഡുവായി കിട്ടിയ 20 കോടിയിൽ ഉൾപ്പെടുത്തിയ പ്രധാന നിർമാണമാണു നീലിമല പാത കരിങ്കല്ല് പാകുന്നത്. 14.45 കോടി രൂപയായിരുന്നു ചെലവ്. ഇത് ഇനിയും പൂർത്തിയായിട്ടില്ല. പമ്പയിൽ സ്നാനഘട്ടം നവീകരണത്തിനു 4.5 കോടിയുടെ പണി പൂർത്തിയാക്കിയതാണ് ഏക നേട്ടം, വാട്ടർ കിയോസ്ക് സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടില്ല.

കേന്ദ്ര ഫണ്ടിനു സമർപ്പിച്ച പദ്ധതികൾ

∙ സന്നിധാനം

2 ഹെൽത്ത് കിയോസ്ക് (64.25 ലക്ഷം രൂപ), വളവുകളിൽ 560 മീറ്റർ പുതിയ വഴി (5.04 കോടി), ശരംകുത്തിയിൽ ക്യു കോംപ്ലക്സ് (6.82 കോടി), പിൽഗ്രിം സെന്റർ (90.56 ലക്ഷം), പ്രസാദം കൗണ്ടർ (6.80 കോടി), മണ്ഡപം (49.50 ലക്ഷം), ഇരിപ്പിടങ്ങൾ (3.97.കോടി), സ്റ്റേജ് (4.11 കോടി), ശുദ്ധജല വിതരണ ആർഒ പ്ലാന്റ് (45.31 ലക്ഷം).

∙ പമ്പ

കിയോസ്ക് (46.20 ലക്ഷം), പാർക്കിങ് ഗ്രൗണ്ട് (6.38 കോടി), നടപ്പാത (4.43 കോടി), മണ്ഡപം (59.21 ലക്ഷം), പമ്പാ തീരത്ത് ഷവർ (43.34 ലക്ഷം), 5 ശുചിമുറി സമുച്ചയം (2.55 കോടി), ഖരമാലിന്യ സംസ്കരണ ശാല (80.13 ലക്ഷം), മാലിന്യ സംസ്കരണശാല (1.56 കോടി), കുടിവെള്ള ഫൗണ്ടൻ (48.58 ലക്ഷം), വൈദ്യുതീകരണം (93.75 ലക്ഷം).

∙ നീലിമല പാത

ഹെൽത്ത് കിയോസ്ക് (1.10 കോടി), സെക്യൂരിറ്റി കാബിൻ (15.8 കോടി), റാംപ് (41.7 കോടി), സിസിടിവി ക്യാമറ (40.95 ലക്ഷം), ട്രാക്ടറിനു കടന്നുപോകാനുള്ള വഴി (1.69 കോടി).

Related posts

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

വിവാഹ മോചന രജിസ്ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor

ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox