കെട്ടിടത്തിനു മുകളിൽനിന്നു വീണ് കന്പി തലയിൽ തുളഞ്ഞുകയറി അതിഥിത്തൊഴിലാളി മരിച്ച നിലയിൽ. ഒഡീഷ സ്വദേശി കാലു നായിക്ക് (18) ആണ് മരിച്ചത്.
പുലർച്ചെ 12ന് പോണേക്കര മനക്കപ്പറന്പ് കൃഷ്ണനഗറിലായിരുന്നു സംഭവം. പ്രദേശവാസിയായ ഉണ്ണികൃഷ്ണൻ എന്നയാളുടെ കെട്ടിടത്തിൽ മറ്റ് അതിഥിത്തൊഴിലാളികൾക്കൊപ്പമാണ് മരിച്ചയാൾ താമസിച്ചിരുന്നത്. പുലർച്ചെ എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണ്ണികൃഷ്ണൻ പുറത്തിറങ്ങിയ നോക്കിയപ്പോൾ തല ഗേറ്റിൽ കുടുങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.
ഗേറ്റിന്റെ കൂർത്ത കന്പി ചെവിയുടെ വലതുവശത്തേക്ക് തുളഞ്ഞു കയറിയ നിലയിലായിരുന്നു. ഗാന്ധിനഗർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി കന്പി അറുത്തുമാറ്റിയാണ് ആളെ പുറത്തെടുത്തത്.
കെട്ടിട നിർമാണ ജോലിക്കായി രണ്ടാഴ്ച മുൻപാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി.