23.5 C
Iritty, IN
November 22, 2024
  • Home
  • Iritty
  • നോക്കുകുത്തിയായി കിളിയന്തറയിലെ എക്സൈസ് ചെക്ക് പോസ്റ്റ്
Iritty

നോക്കുകുത്തിയായി കിളിയന്തറയിലെ എക്സൈസ് ചെക്ക് പോസ്റ്റ്

ഇരിട്ടി: തലശ്ശേരി – മൈസൂർ അന്തർ സംസ്ഥാന പാതയിലെ കൂട്ടുപുഴ അതിർത്തി ചെക്ക് പോസ്റ്റ് എന്നറിയപ്പെടുന്ന കിളിയന്തറയിലെ എക്സൈസ് ചെക്ക് പോസ്റ്റ് വെറും നോക്കുകുത്തിയാകുന്നു. കർണ്ണാടകയിൽ നിന്നും ഇതുവഴി സർവീസ് നടത്തുന്ന ബസ്സുകളിൽ നിന്നും എപ്പോഴെങ്കിലും മദ്യമോ, മയക്കുമരുന്നുകളോ പിടികൂടുന്നതല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ല എന്ന പരിതാപകരമായ അവസ്ഥയിലാണ് ഈ ചെക്ക് പോസ്റ്റ്.
കൂട്ടുപുഴ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്ററിലേറെ അകലത്തിലാണ് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. അതുതന്നെയാണ് ഇതിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണമായതും. കൂട്ടുപുഴയിൽ ഇപ്പോൾ നിർമ്മിച്ച പാലം കടന്നാൽ വാഹനങ്ങൾക്ക്‌ ഈ ചെക്ക്‌പോസ്റ്റ് വെട്ടിച്ചു പോകാൻ നിരവധി റോഡുകളുണ്ട്. പഴയപാലം പോലീസ് അടച്ചിട്ടിട്ടുണ്ടെങ്കിലും പുതിയ പാലം കടന്ന് പേരട്ട റോഡിലേക്ക് കടന്നാൽ കോളിത്തട്ട് , ഉളിക്കൽ മുതലായ മലയോര മേഖലകളിലെ വിശാലമായ പ്രദേശങ്ങളിലേക്ക് ആർക്കും ആരെയും ഭയക്കാതെ എത്താം. ഉളിക്കലിലെത്തിയാൽ ഇരിട്ടിയിലേക്കോ, പയ്യാവൂർ ജില്ലയിലെ ഏതു ഭാഗത്തേക്കും പോകാം. കൂടാതെ കൂട്ടുപുഴ പാലം കടന്ന് കച്ചേരികടവ് പാലം വഴി തിരിഞ്ഞു പോയാൽ ചരൽ വഴി വള്ളിത്തോട്, കരിക്കോട്ടക്കരി വഴി എടൂരിലേക്ക് എക്സൈസിന്റെ ഒരു പരിശോധനയും ഇല്ലാതെ വാഹനങ്ങൾക്ക് കടന്നു പോകാം.
ഒരുഭാഗത്ത് ലഹരിക്കെതിരേ പ്രചാരണങ്ങൾ കൊഴുക്കുമ്പോൾ മറുഭാഗത്ത് ലഹരിസംഘങ്ങളുടെ വിളയാട്ടം നടക്കുകയാണ് ജില്ലയിലെങ്ങും. കർണ്ണാടകത്തിൽ നിന്നുമാണ് ഇവ ജില്ലയിൽ വ്യാപകമായി എത്തുന്നത് എന്നാണ് പറയപ്പെടുന്നത്. മാക്കൂട്ടം ചുരം പാതയാണ് ലഹരിക്കടത്ത് സംഘങ്ങൾ ഇതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അതിർത്തിയിലെ കൂട്ടുപുഴ പാലത്തിൽ നിന്നും ഒരു കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ലഹരി കടത്തേണ്ടവർ മറ്റു മാർഗ്ഗങ്ങളിലൂടെ കടന്നു പോകും. പതിനേഴോളം ഉദ്യോഗസ്ഥർ ഈ ചെക്ക് പോസ്റ്റിൽ ജോലിചെയ്യുന്നു. ചെക്ക്‌പോസ്റ്റിൽ നിന്നും നൂറ് മീറ്റർ പരിധിയിൽ മാത്രമാണ് ഇവർക്ക് പരിശോധനക്ക് അനുമതിയുള്ളൂ. പിന്നെന്തിനാണ് ഇവിടെ ഇങ്ങിനെ ഒരു ചെക്ക്‌പോസ്റ്റ് എന്ന ചോദ്യവും ഉയരുകയാണ്.
കിളിയന്തറയിലെ എക്സൈസിന്റെ വാഹന പരിശോധന കൂട്ടുപുഴ പാലം ഭാഗത്തേക്ക് മാറ്റുകയും കർണ്ണാടകത്തിൽ നിന്നും എത്തുന്ന മുഴുവൻ വാഹനങ്ങളും 24 മണിക്കൂറും പരിശോധിക്കുവാനുള്ള സൗകര്യവും ഇവിടെ ഒരുക്കണം. എന്നാൽ മാത്രമേ മാക്കൂട്ടം ചുരംവഴി എത്തുന്ന എം ഡി എം എ പോലുള്ള മാരക ലഹരി മരുന്നുകളുടെ കടത്ത് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുകയുള്ളൂ .

Related posts

വർണ്ണ കൂടാരം പദ്ധതി: നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

Aswathi Kottiyoor

കണിച്ചറിന്റെ മലയോരം കണ്ടത് കണ്ണും മനസ്സും വിറങ്ങലിപ്പിക്കുന്ന കാഴ്ചകൾ

Aswathi Kottiyoor

ലേബർ കോഡ് റദ്ദ് ചെയ്യുക ; റസാഖ് പാലേരി

Aswathi Kottiyoor
WordPress Image Lightbox