27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റേഷൻ കമ്മിഷൻ വെട്ടിക്കുറയ്ക്കൽ: ഉത്തരവ് മരവിപ്പിച്ചു.
Kerala

റേഷൻ കമ്മിഷൻ വെട്ടിക്കുറയ്ക്കൽ: ഉത്തരവ് മരവിപ്പിച്ചു.

റേഷൻ വ്യാപാരികളുടെ കമ്മിഷൻ വെട്ടിക്കുറച്ച സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ചു. വ്യാപാരികൾ ശനിയാഴ്ച മുതൽ കടയടപ്പ് പ്രഖ്യാപിച്ചതിനാൽ, സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മന്ത്രി ജി.ആർ.അനിലാണ് ഉത്തരവ് മരവിപ്പിക്കാൻ നിർദേശിച്ചത്.

ഒക്ടോബറിലെ കമ്മിഷൻ നൽകാൻ 29.51 കോടി രൂപ വേണമെങ്കിലും 14.46 കോടി മാത്രം ധനവകുപ്പ് അനുവദിച്ചതിനാലാണു കമ്മിഷൻ പകുതിയിലേറെ കുറച്ച് കമ്മിഷണർ തിങ്കളാഴ്ച ഉത്തരവിറക്കിയത്. സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരി സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്നു ചേർന്നു തീരുമാനം പ്രഖ്യാപിക്കും. രേഖാമൂലം ഉത്തരവിറങ്ങാൻ കാത്തിരിക്കുകയാണു വ്യാപാരികൾ എന്നാണു സൂചന.

അതേസമയം, കമ്മിഷൻ ഇനത്തിൽ ബജറ്റിൽ വകയിരുത്തിയ 216 കോടി രൂപയിൽ ബാക്കി ഉള്ള 14 കോടി രൂപ കൂടി ധനവകുപ്പ് ഇന്നലെ സിവിൽ സപ്ലൈസ് വകുപ്പിനു കൈമാറി. ഒക്ടോബറിലെ കമ്മിഷൻ പൂർണമായി നൽകാൻ ഇതു തികയില്ല. അധികമായി 98 കോടി രൂപ സിവിൽ സപ്ലൈസ് വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ഇതു ലഭിച്ചാൽ ഫെബ്രുവരി വരെ കമ്മിഷൻ തടസ്സമില്ലാതെ നൽകാം. കമ്മിഷൻ നൽകാൻ പ്രതിമാസം ശരാശരി 15 കോടി രൂപയാണു വേണ്ടത്.

കമ്മിഷൻ എല്ലാ മാസവും പൂർണമായി നൽകുമെന്നു മന്ത്രി അനിൽ വ്യാപാരി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ഈ സാമ്പത്തികവർഷം കമ്മിഷൻ ഇനത്തിൽ 216 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്. കേന്ദ്ര സർക്കാരിന്റെ പിഎംജികെഎവൈ പദ്ധതിപ്രകാരം അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനു കമ്മിഷൻ നൽകാൻ തുക ഉൾപ്പെടുത്തിയിരുന്നില്ല. ഈ പദ്ധതി ഡിസംബർ വരെ നീട്ടിയതായി കേന്ദ്രം ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. കമ്മിഷൻ ഇനത്തിൽ സെപ്റ്റംബർ വരെ 105 കോടി രൂപ നൽകേണ്ട സ്ഥാനത്ത് കേന്ദ്ര പദ്ധതിയുടെ കൂടി ചേർത്ത് 196 കോടി രൂപ കൊടുത്തതായും മന്ത്രി പറഞ്ഞു.

Related posts

കുടുംബശ്രീ ‘കേരള ചിക്കൻ’ വിറ്റുവരവ് 75 കോടി കവിഞ്ഞു; പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും

Aswathi Kottiyoor

വൈൽഡ് സുരക്ഷ സെമിനാർ സംഘടിപ്പിച്ചു*

Aswathi Kottiyoor

അട്ടപ്പാടി മധു കൊലപാതകം: കേസ് സര്‍ക്കാര്‍ തന്നെ നടത്തും; കുടുംബത്തിനു വേണ്ട നിയമസഹായങ്ങളെല്ലാം മമ്മൂട്ടി നല്‍കും- പിആര്‍ഒ

Aswathi Kottiyoor
WordPress Image Lightbox