കണ്ണൂർ: ചെറുപ്രായത്തിൽത്തന്നെ കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്താൻ പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
കൃഷിവകുപ്പ് മന്ത്രി നയിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞം “കൃഷിദർശ’ന്റെ ഭാഗമായി പിണറായി കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയിലെ പ്രശ്നങ്ങൾ കൃഷിക്കാരിൽനിന്ന് നേരിട്ടു കേൾക്കുമ്പോഴാണ് ഒരു ഭരണാധികാരിക്ക് കൃത്യമായ നിർദേശങ്ങൾ നൽകാൻ സാധിക്കുക. കാർഷികമേഖലയിലേക്ക് പൊതുസമൂഹത്തെ തിരിച്ചുവിടാനും കാർഷിക അവബോധം വളർത്താനുമുള്ള കൃഷിവകുപ്പിന്റെ പരിശ്രമം കാണാതെ പോകരുത്. ഹരിത കേരളം പദ്ധതിയിലൂടെ നല്ല രീതിയിൽ ജനങ്ങളെ കൃഷിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മൂല്യവർധിത മേഖലയിലെ സംരംഭക സാധ്യതകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ഗവേഷണ കേന്ദ്രങ്ങളുടെ നൂതന സാങ്കേതികവിദ്യകൾ, കാർഷിക യന്ത്രവത്കരണ രംഗത്തെ നൂതന ആശയങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നത്. പരിപാടി 26 ന് സമാപിക്കും. ചടങ്ങിൽ തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത അധ്യക്ഷത വഹിച്ചു.