പേരാവൂർ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പേരാവൂരിലെ സ്വകാര്യ ഫാമിലെ 94 പന്നികളെ കൊന്നൊടുക്കി ശാസ്ത്രീയമായി മറവു ചെയ്തു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള 15 അംഗ കർമസേന രാവിലെ 10ന് ആരംഭിച്ച ദൗത്യം ഉച്ചയ്ക്ക് രണ്ടോടെ പൂർത്തിയാക്കി. കർമസേന അംഗങ്ങൾ 24 മണിക്കൂർ നേരം ക്വാറന്റൈനിൽ തുടരും. നാളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഫാം പരിസരം അണുനശീകരണം നടത്തും.
രണ്ടു വർഷമായി പ്രവർത്തിക്കുന്ന ഫാമിൽ ഈയടുത്ത് പുതിയ പന്നികളെ കൊണ്ടു വന്നിട്ടില്ല. പന്നികൾക്ക് തീറ്റയായി നൽകുന്ന കാറ്ററിംഗ് സർവീസുകളുടെ ഭക്ഷണശാല അവശിഷ്ടങ്ങളാകാം രോഗബാധയ്ക്ക് കാരണമെന്ന് അധികാരികൾ പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജയമോഹനൻ, ജില്ലാ കോ-ഓർഡിനേറ്റർ ഡോ. നസീമ, പേരാവൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. സിന്ധു , പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ എന്നിവർ നേത്യത്വം നൽകി.