കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയില്‍ കണ്സഷന് കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച കേസില്‍ പ്രതികളായ ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, ക്ലാര്‍ക്ക് മിലന് ഡോറിച്ച് എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റേതാണ് ഉത്തരവ്.
സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ഇതിനെതിരേ ജനവികാരം ഉയര്‍ന്നുവരികയും ചെയ്തെങ്കിലും കോടതിക്ക് അത്തരം വൈകാരികതയ്ക്കു കീഴ്പ്പെടാനാവില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം.
കേസിലെ ആരോപണങ്ങളും സാക്ഷിമൊഴികളും കണക്കിലെടുത്ത് നിയമപരമായ നടപടിയെടുക്കാനേ കഴിയൂവെന്ന് കോടതി വിശദീകരിച്ചു. മാത്രമല്ല, അച്ഛനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താന്‍ താഴെ വീണതെന്നതടക്കമുള്ള പെണ്‍കുട്ടിയുടെ മൊഴിയും പരിഗണിച്ചു.
പ്രതികളുടെ നടപടി എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നു വിലയിരുത്തിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം.